കെ എസ് ഇ ബി സൗജന്യ സോളാർ പാനൽ പദ്ധതി; ജനങ്ങളിൽ സംശയങ്ങളും ആശങ്കകളും ഏറുന്നു
സ്വന്തം ലേഖകൻ
കോട്ടയം : കെ.എസ്.ഇ.ബി യുടെയും അനെർട്ടിൻ്റെയും സംയുക്തതയിൽ നടത്തപ്പെടുന്ന സൗജന്യ സോളാർ പാനൽ പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ജനങ്ങളിൽ ശക്തമാകുന്നു. പത്രദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇത് സംബന്ധിച്ചുള്ള വാർത്തകളും ട്രോളുകളും അതി വ്യാപകമായി പ്രചരിക്കുന്നു.
ഉപഭോക്താക്കൾക്ക് വൻലാഭം കിട്ടുമെന്ന് കെ. എസ്.ഇ.ബി അവകാശപ്പെടുന്ന സൗര പദ്ധതി വിജയകരമായി മുന്നോട്ടു പോകില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് ജനങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കു വയ്ക്കുന്നത്.
സോളാർ പാനൽ വയ്ക്കുന്നതിനായി 1000 സ്ക്വയർ ഫീറ്റ് പുരപ്പുറം നൽകുന്ന ഉപഭോക്താവിന് ഒരു മാസം ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% ആയ 120 യൂണിറ്റ് വൈദുതി ലഭിക്കും. അതായതു ഏകദേശം 640 രൂപയുടെ വൈദ്യതി. എന്നാൽ കേരളത്തിലെ വീടുകളിൽ 1000 സ്ക്വയർ ഫീറ്റ് പുരപ്പുറം സോളാർ പാനലിനു ഉപയോഗപ്രദമാകുക എന്നുള്ളത് തികച്ചും അസാധ്യമായ ഒന്നാണ്. 500 സ്ക്വയർ ഫീറ്റിൽ സ്ഥാപിക്കുന്ന സോളാർ പാനലിൽ നിന്നും 60 യൂണിറ്റ് വൈദുതി മാത്രമേ ഉപഭോക്താവിന് ലഭിക്കുകയുള്ളു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
500 സ്ക്വയർ ഫീറ്റ് സ്ഥലം നല്കാൻ പറ്റുന്ന വീടുകളും പരിമിതമാണെന്നത് മറ്റൊരു വസ്തുത. തന്നെയുമല്ല പുരപ്പുര സോളാർ പാനൽ വയ്ക്കാൻ താല്പര്യമുള്ള ഉപഭോക്താക്കൾ 25 വർഷത്തേക്ക് സ്ഥലം കെ.എസ്.ഇ.ബിക്കു നൽകുന്നു എന്ന കരാറിൽ ഒപ്പു വയ്ക്കേണ്ടതായും വരുന്നു. വളരെ തുച്ഛമായ ലാഭത്തിനു വേണ്ടി 25 വർഷത്തേക്ക് സ്ഥലം കെ.എസ്.ഇ.ബിയ്ക്കു കടപ്പെടുത്തുക എന്നത് എത്രത്തോളം ഗുണപ്രദമാണ് എന്ന സംശയം സമൂഹത്തിൽ ഉയർന്നു കേൾക്കുന്നു.
മൂന്ന് തരത്തിലുള്ള പദ്ധതികൾ കെ.എസ്.ഇ.ബി മുന്നോട്ടു വയ്ക്കുന്നുണ്ട് എങ്കിലും മൂന്നും തമ്മിൽ വലിയ വ്യത്യാസങ്ങൾ വരുന്നില്ല എന്നത് സത്യം തന്നെയാണ്. ഉയർന്ന നിരക്കിൽ വൈദുതി ഉപയോഗിക്കുന്നവർക്കും കൂടുതൽ വൈദുതി ഉപയോഗിക്കുന്നവർക്കും കൂടുതൽ സ്ഥലം നല്കാൻ പറ്റുന്നവർക്കു മാത്രമേ ഈ പദ്ധതി ലാഭം നൽകു എന്നുള്ളത് വസ്തുതയാണെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ പദ്ധതിയിൽ സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ഒന്നുകൂടി ഇരുത്തി ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രവുമല്ല ഉപഭോക്താക്കൾക്ക് ലാഭകരമല്ലാത്ത ഒന്നാണ് ഇതെന്ന് ബോധ്യപ്പെട്ടാൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് ശരിയാണോ എന്ന ചോദ്യവും ശക്തമാകുന്ന ഈ അവസരത്തിൽ കെ.എസ്.ഇ.ബി പുനർചിന്ത നടത്തേണ്ടതും ആവശ്യമാണ്.