വൈദ്യുതി കമ്പിയിൽ വീണ മരം നീക്കം ചെയ്യാൻ രക്ഷകരായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ; വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്ത് കമ്പനി
സ്വന്തം ലേഖകൻ
കോട്ടയം: കടുവാക്കുളത്ത് വൈദ്യുതി ലൈനിനു മുകളിൽ വീണ മരത്തിന്റെ ചില്ല നീക്കം ചെയ്യാൻ രക്ഷകരായി എത്തിയത് ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ. കടുവാക്കുളം പൂവൻതുരുത്ത് റോഡിലാണ് തിങ്കളാഴ്ച രാത്രിയിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണത്. നാലു മണിക്കൂറോളം അഗ്നിരക്ഷാ സേനാ അധികൃതർ മരം നീക്കാൻ പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അഗ്നിരക്ഷാ സേനാ സംഘം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ സഹായം തേടി. തുടർന്ന് ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും എത്തിച്ച ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലും റോഡിന് എതിർവശത്തു നിന്ന മരം വൈദ്യുതി ലൈനിനു മുകളിലൂലെടെ കടയുടെ മുകളിലേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം മരം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരം വീണ് കടയുടെ മുൻഭാഗത്തെ ഷീറ്റും,ബോർഡും തകരുകയും ചെയ്തിരുന്നു. മരം വീണ ഉടൻ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് വൻ അപകടം ഒഴിവായത്. വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേയ്ക്ക് മരം വീണ് കിടക്കുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും പൂർണമായും തടസപ്പെട്ടിരുന്നു. വൈദ്യുതി ലൈൻ അഴിച്ചു മാറ്റി മരക്കമ്പ് മുറിച്ച് നീക്കാനായിരുന്നു അഗ്നിരക്ഷാ സേനയുടെ ശ്രമം.
ഇതിനിടെയാണ് ട്രാവൻകൂർസിമന്റ്‌സ് ചെയർമാൻ ആൻഡ് മാനേജിംങ് ഡയറക്ടർ ഫെബി വർഗീസിന്റെ നിർദേശാനുസരണം കമ്പനിയിലെ ക്രെയിനുമായി ജീവനക്കാർ എത്തിയത്. തുടർന്ന് നാലു മണിക്കൂറിനു ശേഷം ക്രെയിൻ ഉപയോഗിച്ച് മരം മുറിച്ച് നീക്കി. പുലർച്ചെ രണ്ടു മണിയോടെയാണ് പ്രവർത്തനങ്ങൾ പൂർണമായും അവസാനിച്ചത്. വൈദ്യുതി ലൈൻ അഴിക്കുകയോ, പോസ്റ്റുകൾ മാറ്റുകയോ ചെയ്യാതെയായിരുന്നു ക്രെയിൻ മരം നീക്കം ചെയ്തത്. ഇതോടെയാണ് റോഡിലെ ഗതാഗത തടസം നീങ്ങിയതും പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതും.
മഴക്കാലത്ത് മറിയപ്പള്ളി മുട്ടത്ത് വീടിനു മുകളിൽ വീണ മരം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നാണ് രക്ഷാ പ്രവർത്തനത്തിന് ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ വീണ്ടും ഇടപെട്ടിരിക്കുന്നത്.