കൈയും കാലും കൊത്തിയിട്ടെങ്കിലും എനിയ്ക്ക് ജീവനോടെ തന്നാ മതിയാരുന്നു; ഒരു അമ്മയുടെ നിലയ്ക്കാത്ത കണ്ണീർ
സ്വന്തം ലേഖകൻ
കാസർഗോഡ്: അവസാനമായി ഒരുനോക്കു കാണാനെത്തിയവർക്കു മുന്നിൽ കണ്ണീർക്കാഴ്ചയായി കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിൻറെ അമ്മയുടെ വിലാപം. കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ എന്ന രോദനമാണ് ആ അമ്മയിൽനിന്ന് ഉയർന്നത്.
കൃപേഷിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് പിതാവ് കൃഷ്ണനും പറയുന്നു. കൃപേഷിനു നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും പ്രാദേശിക സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണൻ ആരോപിച്ചു. മേൽക്കൂര ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷും അച്ഛൻ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും അന്തിയുറങ്ങിയിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായ പത്തൊമ്പതുകാരനാണ് ക്രൂരമായ രാഷ്ട്രീയ പകപോക്കലിനിരയായത്. കോൺഗ്രസ്-സിപിഎം സംഘർഷത്തെതുടർന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ കുറച്ചുനാളായി വീട്ടിൽനിന്നു മാറിയാണു താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group