
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിൽ നീക്കം തുടങ്ങി.
യു.ഡി.എഫ് മുൻ കൺവീനർ ബെന്നി ബെഹനാനൊപ്പം നിലവിലെ വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും പരിഗണനയിലുണ്ട്. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ അധ്യക്ഷനെ നിയമിക്കും.
കെ.പി.സി.സിയുടെ അമരത്ത് ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സണ്ണി ജോസഫ് പദവി ഒഴിയുന്നത്. കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു കെ. സുധാകരനെ മാറ്റി സണ്ണി ജോസഫിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരിച്ച ഏഴ് ഡി.സി.സി അധ്യക്ഷന്മാരിൽ രണ്ടുപേരൊഴികെ ജയിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകളിലും അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാവും.
സണ്ണി ജോസഫ് സ്ഥാനാർഥിയായതോടെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബെന്നി ബെഹനാന് ചുമതല നൽകാൻ നീക്കമുണ്ടായിരുന്നു. എന്നാൽ സണ്ണി ചുമതല ഒഴിയാൻ തയാറായില്ല.
സർക്കാരിന്റെ തലപ്പത്ത് പഴയ ഐ വിഭാഗത്തിൽ നിന്നുള്ളവർ വരുന്ന സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ എ വിഭാഗത്തിൽ നിന്നുള്ളയാൾ വരുന്നതാണ് ഗുണകരമെന്ന വിലയിരുത്തലിലാണ് ബെന്നി ബെഹനാനെയും ഷാഫി പറമ്പിലിനെയും പരിഗണിക്കുന്നത്.
നിലവിൽ ബെന്നി ബെഹനാന്റെ പേരിനാണ് മുൻതൂക്കം. സർക്കാരിലെ സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താവും കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുക.
കോൺഗ്രസിൽ നിന്ന് കൂടുതൽ ക്രിസ്ത്യൻ മന്ത്രിമാർ വന്നാൽ അതേ വിഭാഗത്തിൽ നിന്നുള്ളയാളെ പ്രസിഡന്റാക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ ബെന്നി ബെഹനാന് പകരം ഷാഫി പറമ്പിലിനെ പരിഗണിച്ചേക്കും.







