എകെജി സെന്ററിന്റെ പടവുകള്‍ കയറി കെ.പി അനില്‍കുമാര്‍; ഇനി സിപിഎമ്മില്‍ പ്രവര്‍ത്തിക്കും; അധികാരത്തിന്റെ ശീതളച്ഛായ തേടി പോകുന്നുവെന്ന് പി.ടി. തോമസ്; അനില്‍കുമാറിനെ പുറത്താക്കിയെന്ന പ്രഖ്യാപനവുമായി കെപിസിസി നേതൃത്വം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള 43 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഔദ്യോഗിക രാജി പ്രഖ്യാപിച്ച അനില്‍കുമാര്‍ സിപിഎമ്മിലേക്ക്. സിപിഎമ്മില്‍ ഉപാധികളില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം മതേതര പാര്‍ട്ടിയാണെന്നും അവിടെ മികച്ച പൊതുപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

രാജി പ്രഖ്യാപനത്തിന് പിന്നാലെ അനില്‍ കുമാറിനെ പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. കെ.പി. അനില്‍ കുമാര്‍ ആരാണെന്നും തനിക്ക് അറിയില്ലെന്നും ആയിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും എല്ലാ നേട്ടങ്ങളും അനുഭവിച്ച ആളാണ് അനില്‍കുമാറെന്നും ഇപ്പോള്‍ അധികാരത്തിന്റെ ശീതളച്ഛായ തേടിയാണ് അനില്‍കുമാര്‍ പോകുന്നതെന്നും പി.ടി തോമസ് പ്രതികരിച്ചു.

സുധാകരന്‍ സംഘപരിവാര്‍ മനസ്സുള്ള ആളാണെന്നും താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണ് സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും അനില്‍കുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലും അനില്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കൊടിയേരി ബാലകൃഷ്ണന്‍ അനില്‍കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ചു.