
താമരശ്ശേരി: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകംചെയ്ത് കഴിച്ചതിനുപിന്നാലെ ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
താമരശ്ശേരി അമ്പലമുക്ക് ഹരിശ്രീനിലയത്തിൽ ശാന്തകുമാരി (68), മകൾ ശ്രീജ (43), മരുമകൻ സുധീർ (47), സുധീർ-ശ്രീജ ദമ്പതിമാരുടെ മകൾ ആർദ്ര (20) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം ചീരകൊണ്ടുള്ള ഉപ്പേരി കഴിച്ചതിനുപിന്നാലെ തലകറക്കവും, പിച്ചും പേയും പറയുന്നതരത്തിലുള്ള ശാരീരികാസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.
ഇവരെ ആദ്യം താമരശ്ശേരിയിലെ സംസ്ഥാനപാതയോരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒബ്‌സർവേഷൻ ഐ.സി.യു.വിൽ ചികിത്സയിൽ പ്രവേശിപ്പിച്ച നാലുപേരെയും നില ഭേദമായതോടെ വെള്ളിയാഴ്ച മുറികളിലേക്കുമാറ്റി.
ഇവർക്കുപുറമേ ശ്രീജയുടെ ബി.എസ്.എൻ.എലിലെ സഹപ്രവർത്തകയായ ഒരു താമരശ്ശേരി സ്വദേശിനിയും ചെറിയതോതിൽ ചീരകഴിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് ഇവർ താമരശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് നില ഭേദപ്പെട്ട് മടങ്ങി.
തൊട്ടടുത്ത പറമ്പിൽ അയൽവാസി കൃഷിചെയ്ത ചീര വാങ്ങി ബുധനാഴ്ചയാണ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചതെന്നും, ഇതിനൊപ്പം വ്യാഴാഴ്ച രാവിലെ തങ്ങളുടെ സ്വന്തം വീട്ടുപറമ്പിൽനിന്ന് പറിച്ചെടുത്ത ചീരയും ചേർത്താണ് അന്ന് ഉച്ചയ്ക്ക് ഉപ്പേരി പാചകംചെയ്തതെന്നും വീട്ടുകാർ പറയുന്നു.
ചീരയുപ്പേരി കഴിച്ചതിനുപിന്നാലെയായിരുന്നു ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതും തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയതും.



