കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിയുടെ കൈക്ക് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം ; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

Spread the love

കോഴിക്കോട് :  ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ.

ബിജോണ്‍ ജോണ്‍സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോർഡ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കല്‍ ബോർഡും റിപ്പോർട്ട് നല്‍കിയത്.ശനിയാഴ്ചയാണ് ജില്ലാമെഡിക്കല്‍ ഓഫീസർ ഡോ. രാജേന്ദ്രൻ കണ്‍വീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തില്‍ പെങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നല്‍കുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകള്‍ക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട്(ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോണ്‍ ജോണ്‍സണെ അന്നുതന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ധസമിതിയും റിപ്പോർട്ട് നല്‍കിയിരുന്നത്.