
കോഴിക്കോട്: മാധ്യമ വാർത്തകള്‍ക്കെതിരെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ഒരുങ്ങുന്നു.
ചികിത്സാ പിഴവുള്‍പ്പെടെ പരാതികള്‍ പെരുകുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനുള്ള പുതിയ നീക്കം. എൻജിഒ യൂണിയൻ നേതൃത്വത്തിലുള്ള സമരത്തില്‍ മെഡിക്കല്‍ കോളേജ് അധ്യാപകരെയും രംഗത്തിറക്കാൻ ശ്രമം ഉണ്ടെങ്കിലും സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അധ്യാപകർ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഐസിയുവില്‍ വച്ച് രോഗി പീഡനത്തിന് ഇരയാവുക, നാലു വയസ്സുകാരിയുടെ കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ നാവില്‍ ചെയ്യുക, ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മറന്നു വയ്ക്കുക എന്നിങ്ങനെ കേരളത്തിൻറെ ആരോഗ്യം മേഖലയ്ക്ക് ആകെ നാണക്കേടായി മാറിയ സംഭവങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നതോടെ ആയിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞത്. ഇരകളായവർ മാധ്യമങ്ങളിലൂടെ പറഞ്ഞത് അത്രയും നാട്ടില്‍ ചർച്ചയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടർമാർ ഉള്‍പ്പെടെ പ്രതികളായ ഹർഷിന കേസില്‍ കുന്ദമംഗലം കോടതി വിചാരണ തുടങ്ങാൻ ഇരിക്കുകയാണ്. ഐസിയു പീഡന കേസിലും നാലു വയസ്സുകാരുടെ ചികിത്സാ പിഴവിന്റെ കേസിലും പൊലീസ് അന്വേഷണവും നടക്കുകയുമാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആണെങ്കിലും ഇതെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമം എന്ന വ്യാഖ്യാനവുമായാണ് ഭരണാനുകൂല സംഘടന നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ സമരത്തിന് ഒരുങ്ങുന്നത്.
ആരോഗ്യ വകുപ്പിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിർദ്ദേശാനുസരണമാണ് ഇത്തരമൊരു നീക്കം എന്നതാണ് ഏറെ വിചിത്രം. ഐസിയു പീഡനക്കേസില്‍ അതിജീവിതയെ മൊഴിമാറ്റാൻ ശ്രമിച്ചവരെ സംരക്ഷിക്കാൻ ഇറങ്ങിയവരും നഴ്സ് അനിതയെ സ്ഥലം മാറ്റാൻ നീക്കം നടത്തിയവരുമെല്ലാം സമരത്തിന്‍റെ നേതൃത്വത്തിലുണ്ട്. മെഡിക്കല്‍ കോളേജ് അധ്യാപകരെയും സമരത്തിന്‍റെ ഭാഗമാകണം എന്നാണ് മുകളില്‍ നിന്നെത്തിയ നിർദ്ദേശമെങ്കിലും അധ്യാപക സംഘടനയായ കെജിഎംസിറ്റിഎ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.
സ്വതന്ത്ര നിലപാട് സ്വീകരിച്ച് പോകുന്ന അധ്യാപക സംഘടന ഭരണാനുകൂല യൂണിയനുമായി യോജിച്ച് ഇത്തരമൊരു സമരം നടത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് സംഘടനയ്ക്കുള്ളില്‍ ഉള്ളത്. കഴിഞ്ഞദിവസം സംഘടനയുടെ ജനറല്‍ബോഡി യോഗം ചേർന്നെങ്കിലും സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വിഷയത്തില്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ക്യാമ്ബസില്‍ പ്രകടനവും ധാരണയും നടത്താനാണ് എൻജിഒ യൂണിയൻറെ തീരുമാനം.



