play-sharp-fill
ഭാരം ചുമന്ന് കുട്ടികൾ ഈ വർഷവും സ്കൂളിലേയ്ക്ക്, മാർ​ഗരേഖകൾ വെറും ‘രേഖ’ മാത്രമായി, കോടതി പറഞ്ഞിട്ടും വാല്യങ്ങളിൽ മാറ്റമില്ല, നടുവേദനയെ ചൊല്ലി ഇപ്പോഴും കത്തുകൾ

ഭാരം ചുമന്ന് കുട്ടികൾ ഈ വർഷവും സ്കൂളിലേയ്ക്ക്, മാർ​ഗരേഖകൾ വെറും ‘രേഖ’ മാത്രമായി, കോടതി പറഞ്ഞിട്ടും വാല്യങ്ങളിൽ മാറ്റമില്ല, നടുവേദനയെ ചൊല്ലി ഇപ്പോഴും കത്തുകൾ

കൊച്ചി: അമിതഭാരം ചുമന്നുള്ള കുട്ടികളുടെ സ്കൂൾ യാത്രയ്ക്ക് ഇപ്പോഴും മാറ്റമില്ല. കേന്ദ്രസർക്കാരും കോടതികളും തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടും പുസ്തകങ്ങളടക്കമുള്ള ബാ​ഗിന്റെ തൂക്കത്തിൽ മാറ്റില്ല. അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികൾ ഈ വർഷവും സ്കൂളിലേയ്ക്ക് കടന്നുചെല്ലുക.

ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ പത്തിലൊന്നിൽ കൂടിയാൽ ആരോഗ്യപ്രശ്നമുണ്ടാകും. 30 കിലോയാണ് കുട്ടിക്ക് ഭാരമെങ്കിൽ പുസ്തകങ്ങളടക്കം ബാഗ് മൂന്നു കിലോയിൽ കൂടരുത് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സ്വന്തം ഭാരത്തിന്റെ 25 ശതമാനം ഇപ്പോഴും വഹിക്കുകയാണ് കുട്ടികൾ. ഇതിനെതിരെ കേരള ഹൈക്കോടതിപോലും ഉത്തരവ് ഇറക്കിയിരുന്നു.

പുസ്തകങ്ങൾ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ടെക്സ്റ്റ് ബുക്കുകളും സ്കൂളിൽ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവ‌ർക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളിൽ ഒരുക്കുക എന്നിവയായിരുന്നു നി‌ർദ്ദേശങ്ങൾ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ഡിസംബറിൽ മാർഗരേഖ ഇറക്കിയിരുന്നു. എന്നാൽ, കേരളത്തിൽ ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കിയെങ്കിലും കാര്യമായി ഭാരം കുറഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സിലബസ് സ്കൂളുകളിലും ഇതുതന്നെയാണ് അവസ്ഥ. ഓരോ വാല്യവും 60 പേജിൽ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിർ‌ദ്ദേശവും ബുക്കിലും പുസ്തകത്തിലും ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനി‌ർദ്ദേശവും അവഗണിച്ചു. 120 പേജുവരെയുള്ള വാല്യങ്ങളാണ് ഇക്കുറിയും വിതരണം ചെയ്തിരിക്കുന്നത്.

എന്നാൽ, മഹാരാഷ്ടയിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം.ഭാരം അരക്കിലോ മാത്രം. മദ്ധ്യപ്രദേശിൽ ഈ വർഷം മുതൽ ആഴ്ചയിൽ ഒരുദിവസം ബാഗില്ലാ ദിനമാക്കും. അന്ന് കായിക, സംഗീതക്ലാസുകളും മറ്റും നടത്തുമെന്ന് അറിയിച്ചു.

ക്ലാസും ബാഗ്ഭാരവും

(കേന്ദ്രമാർഗരേഖ.തൂക്കം കിലോഗ്രാമിൽ)

1,2……………………..2
3-5……………………..3
6,7……………………..4
8-12……………………5

എല്ലുവളർച്ച മുരടിക്കൽ, കടുത്തക്ഷീണം, പേശിവേദന, ശരീരത്തിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം, തോളെല്ല് വേദന, പുറംവേദന, ശ്വസനപ്രശ്നങ്ങൾ, മാനസികത്തളർച്ച, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകാം.

`നടുവേദന പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുടെ കത്തുകൾ ലഭിക്കുന്നുണ്ട്. വർഷം തോറും പുസ്തകങ്ങൾ പരിഷ്കരിക്കുകയാണ് പരിഹാരം. പുതിയ വിജ്ഞാനം ഉൾപ്പെടുത്തുകയും പഴഞ്ചൻ പാഠങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ പുസ്തകത്തിന് കനം കുറയും. ചില സ്കൂളുകളിൽ ലിഫ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.’

വി. ശിവൻകുട്ടി

വിദ്യാഭ്യാസമന്ത്രി