ഒലിച്ചിറങ്ങുന്ന മാലിന്യത്തിൽ പുഴുവും ഇഴ ജന്തുക്കളും; കോഴിക്കോട് കല്ലാച്ചി മീൻ മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Spread the love

കോഴിക്കോട്: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റിലെ ജീവനക്കാരോടും ചിക്കന്‍ സ്റ്റാള്‍ നടത്തിപ്പുകാരോടും മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് നടപടി.

മാര്‍ക്കറ്റിലെ മാലിന്യത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം റോഡിലേക്ക് ഒഴുകുന്ന സാഹചര്യമുണ്ട്. മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ ഇഴജന്തുക്കൾ ഉൾപ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നതായും എലിപ്പനി പോലുള്ള രോഗം പടരാൻ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

നാദാപുരം ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നാദാപുരം പോലീസിന്റെ സഹായത്തോടെ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാബു, സി പ്രസാദ്, യു അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group