
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എട്ടു കവറുകളിലായി മധുരപലഹാരങ്ങൾ ; ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പർദയണിഞ്ഞ സ്ത്രീ
സ്വന്തം ലേഖിക
കോഴിക്കോട് : കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ എട്ടു കവറുകളിലായി കേക്കുകളും ലഡുവും കണ്ടെത്തി.ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കളക്ടറേറ്റിലെ താഴെ നിലയിൽ കോൺഫറൻസ് ഹാളിന് സമീപത്ത് അജ്ഞാത എട്ട് കവറുകൾ ജീവനക്കാർ കാണുന്നത്.
കോഴിക്കോട് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് സംഭവം.ആരാണ് കേക്ക് വെച്ചതെന്ന് ആർക്കും അറിയില്ല. പർദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകൾ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ എന്തോ ആവശ്യത്തിനു വന്നപ്പോൾ തൽക്കാലത്തേക്കു കവർ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവർ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതിൽ തന്നെ തിരിച്ചു പോയി എന്നും ചിലർ പറയുന്നു. കേക്കുകൾ ആരാണ് വെച്ചതെന്നറിയാതെ ജീവനക്കാർ എഡിഎം റോഷ്ണി നാരായണനെ വിവരം അറിയിച്ചു. കലക്ടർ സ്ഥലത്തില്ലായിരുന്നു.
എഡിഎം പൊലീസിനു വിവരം നൽകി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയിൽ നോക്കി ആളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും, ആ ശ്രമം വിഫലമായി. ആ ഭാഗത്തൊന്നും ക്യാമറ സംവിധാനം ഇല്ലാത്തതാണ് തിരിച്ചടിയായത്.
പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയിൽ നിന്നുള്ള കേക്കാണെന്ന് പരിശോധനയിൽ വ്യക്തമായി. അവസാനം സാംപിൾ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു. ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയൽ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു.
അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സർക്കാർ ജീവനക്കാർക്കു മധുരം നൽകാൻ തീരുമാനിച്ചതാണെന്നാണ് സൂചന. അതേസമയം മെഡിക്കൽ പൊലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു.
അവിടെ കേക്ക് സ്വീകരിക്കാൻ തയാറാകാതെ വന്നതോടെ, കലക്ടറേറ്റിൽ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.