കോട്ടയത്ത് അഞ്ചു പേർക്ക് കോവിഡ്..! വ്യാജ വാർത്ത പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസ്; ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടും കേസിൽ കുടുങ്ങി; അറസ്റ്റ് തിങ്കളാഴ്ച
ക്രൈം ഡെസ്‌ക്
കോട്ടയം: കോട്ടയം ജില്ലയിൽ അഞ്ചു പേർക്കു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസെടുത്തു. വൈക്കം വല്ലകം പടിഞ്ഞാറേക്കര പുതുക്കാട്ടിൽ രജീഷിനെ(42)തിരെയാണ് വൈക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.
രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 18 രോഗികളെ കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടർച്ചയായ നാലു ദിവസം ജില്ലയിൽ കോവിഡ് കേസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നു ജില്ല ആശ്വാസത്തിലേയ്ക്കു നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ഫെയ്‌സ്ബുക്കിൽ ജില്ലയിൽ കൊറോണ വൈറസ് ബാധ അഞ്ചു പേർക്കു സ്ഥിരീകരിച്ചതായി ഇയാൾ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇയാൾ വ്യാജ വാർത്ത ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വാർത്ത വ്യാജമാണ് എന്നു തിരിച്ചറിഞ്ഞ പൊതു പ്രവർത്തകരാണ് വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതം പൊലീസിലും, ജില്ലാ സൈബർ സെല്ലിലും പരാതി നൽകിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിൽ നിന്നും ഇത്തരത്തിലുള്ള ഒരു പോസ്റ്റ് കണ്ടെത്തി.
എന്നാൽ, പൊലീസ് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും മനസിലാക്കിയതോടെ പ്രതി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്നു പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയെങ്കിലും ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്നു പൊലീസ് സംഘം ഇയാൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
സജീവ ആർഎസ്എസ് പ്രവർത്തകനാണ് രജീഷ്. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഇത് വ്യക്തമാക്കുന്നുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച് ആളുകളെ പരിഭ്രാന്തരാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്തതായി വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.പ്രദീപ് അറിയിച്ചു.