
ഏ.കെ ശ്രീകുമാർ
കോട്ടയം: കോവിഡ് വിമുക്തമായ പാലക്കാടും, കാസർകോടും വീണ്ടും കോവിഡ് രോഗികൾ എത്തിയതോടെ കോട്ടയം ഇനി അതീവ ജാഗ്രത പുലർത്തേണ്ടി വരും..! നിലവിലെ സാഹചര്യത്തിൽ കാസർകോട്ട് ഒരാൾക്കു പോലും രോഗമില്ലായിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നാലു പേർക്കാണ് ഒറ്റ ദിവസം കൊണ്ടു കാസർകോട്ട് രോഗം ബാധിച്ചത്. ഇതോടെ കാസർകോടും പാലക്കാടും കോട്ടയത്തിനു നൽകുന്ന സന്ദേശം അതീവ ഗുരുതരമാണ്..! അമിതമായി തന്നെ ശ്രദ്ധ നൽകേണം, ഇല്ലെങ്കിൽ സ്ഥിതി കൈവിട്ടു പോകും.
സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച ജില്ലകളിൽ ഒന്നായിരുന്നു കോട്ടയം. എന്നാൽ, അതിവേഗം തന്നെ ജില്ല കോവിഡ് വിമുക്തമാകുകയും, ഇന്ത്യയിൽ തന്നെ ആദ്യമായി ഗ്രീൻസോണുകളിൽ ഒന്നായി മാറുകയും ചെയ്തു. കാര്യങ്ങൾ പോക്കറ്റിലായി എന്ന് അഹങ്കരിച്ച കോട്ടയത്തുകാർ തെരുവിലേയ്ക്കു കൂട്ടത്തോടെ ചാടിയിറങ്ങി. കാറും ബൈക്കും തലങ്ങും വിലങ്ങും പാഞ്ഞു. മാർക്കറ്റുകളും സജീവമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, രണ്ടാം ഘട്ടത്തിൽ എത്തിയ കോവിഡ് ജില്ലയെ ഇളക്കിമറിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അടക്കം രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം വീണ്ടും ചുവപ്പിലേയ്ക്കു വഴുതി വീണു. എന്നാൽ, അതിവേഗം തന്നെ മുഴുവൻ രോഗികളെയും കോവിഡ് വിമുക്തരാക്കിയ ജില്ല പൂർണമായും നിയന്ത്രണത്തിലേയ്ക്കു നീങ്ങുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ആളുകൾ വീണ്ടും പഴയപടി നിയന്ത്രണങ്ങളെല്ലാം ലംഘിച്ചിറങ്ങുന്നത്.
ലോക്ക് ഡൗൺ തുടരുകയാണെങ്കിലും ലോക്ക് ഡൗൺ പിൻവലിച്ച രീതിയിലാണ് കോട്ടയത്തെ ആളുകളുടെ പെരുമാറ്റം. എല്ലാവരും എപ്പോഴും റോഡിൽ തന്നെയാണ്. കാസർകോടും, പാലക്കാടും ഇപ്പോൾ രോഗം സ്ഥിരീകരിച്ചവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ എല്ലാവരും രോഗവിമുക്തരാണ് എന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു ഉറപ്പുമില്ല.
ജില്ലയിൽ മാത്രം 141 പേരാണ് വിദേശത്തു നിന്നും എത്തിയത്. ഇവരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധന ഇതുവരെയും പൂർത്തിയായിട്ടില്ല. 1025 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് തുടരുന്ന അതീവ ജാഗ്രത ജില്ലയിലും തുടരേണ്ടതാണ്. ഇല്ലെങ്കിൽ കോട്ടയം വീണ്ടും കൈവിട്ടു പോകും.