സംക്രാന്തി സ്വദേശിയായ വീട്ടമ്മയുടെ കുവൈറ്റിലെ മരണം: അടിമുടി ദൂരൂഹതയും അവ്യക്തതയും; വീട്ടമ്മയെ കുവൈറ്റിലേയ്ക്ക് അയച്ച സ്വകാര്യ ഏജൻസി പ്രതിക്കൂട്ടിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംക്രാന്തി സ്വദേശിയായ വീട്ടമ്മ കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയും, അവ്യക്തതയും തുടരുന്നു. യുവതിയെ കുവൈറ്റിലേയ്ക്കു കയറ്റി വിട്ട എറണാകുളം കേന്ദ്രീകരിച്ചുള്ള ഏജൻസിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്നു കുവൈറ്റിൽ യുവതി മരിച്ചതായാണ് ആദ്യം വാർത്ത പുറത്തു വന്നത്. സംക്രാന്തി പാറമ്പുഴ തെക്കനായിൽ വീട്ടിൽ ജനാർദനന്റെയും തങ്കമ്മയുടെയും മകൾ ടി.ജെ സുമി(37)യാണ് ചൊവ്വാഴ്ച കുവൈറ്റിൽ മരിച്ചത്. എന്നാൽ, ഇവർ കുവൈറ്റിൽ കൊറോണ ബാധിച്ചാണ് മരിച്ചതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ചാണ് ഇപ്പോൾ ദുരൂഹത തുടരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചു മാസം മുൻപ് എറണാകുളത്തെ ഒരു സ്വകാര്യ ഹോം നഴ്‌സിങ് ഏജൻസിയാണ് ഇവരെ കുവൈറ്റിലേയ്ക്കു കയറ്റി വിട്ടത്. എന്നാൽ, ഇവിടെ എത്തിയ ശേഷം ഇവരുടെ ജോലി നഷ്ടമാകുകയായിരുന്നു. ഇതിനിടെ കൊറോണ കൂടി എത്തിയതോടെ ഇവരുടെ സ്ഥിതി അതീവ ഗുരുതരമായി. തുടർന്നാണ് ഇവരെ എംബസിയുടെ റെസ്‌ക്യൂ ഹോമിലേയ്ക്കു മാറ്റിയത്.
എന്നാൽ, റെസ്‌ക്യൂ ഹോമിൽ ഇവരുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിസയില്ലാത്തവരെയും, ജോലി നഷ്ടമായവരെയുമാണ് ഇന്ത്യൻ എംബസി ഇത്തരത്തിൽ റെസ്‌ക്യൂഹോമുകളിൽ പാർപ്പിക്കുന്നത്. ഇത്തരത്തിലാണ് ഇവരെയും പാർപ്പിച്ചിരുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ഹോം നഴ്‌സിംങ് ഏജൻസിയാണ് സുമിയെ വിദേശത്തേയ്ക്കു കൊണ്ടു പോയത് എന്നു കണ്ടെത്തിട്ടുണ്ട്.
ഈ ഏജൻസി നൽകിയ വാഗ്ദാനങ്ങളും ഇവരുടെ ലൈസൻസ് അടക്കമുള്ള കാര്യങ്ങളും ഇനി പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. സുമിയെപ്പോലെ നൂറുകണക്കിന് സ്ത്രീകളും പെൺകുട്ടികളുമാണ് വിദേശജോലിയും മികച്ച ശമ്പളവും എന്ന വാഗ്ദാനത്തിൽപ്പെട്ട് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ദുഖവും പ്രശ്‌നങ്ങളും അക്ഷരാർത്ഥത്തിൽ ഒരു സർക്കാരും കാണുന്നില്ലെന്നതാണ് ഏറെ സങ്കടകരം.