കൊവിഡ് രോഗികളെ കൊല്ലാനോ ആംബുലൻസുകൾ..! കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ അനാവശ്യ നിലവിളി ശബ്ദമിട്ട് ആംബുലൻസുകൾ പായുന്നു; രോഗികളും നാട്ടുകാരും ഭയപ്പാടിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആംബുലൻസുകളിൽ സൈറൻ ഉപയോഗിക്കേണ്ട സാഹചര്യം എപ്പോഴാണെന്നു ഡ്രൈവർമാർക്ക് ഒരു പരിശീലന ക്ലാസ് അത്യാവശ്യമായി വന്നിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സൈറണുകളാണ് ഇപ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും പോലും ഉപയോഗിക്കുന്നത്. കൊവിഡ് രോഗികളെ ആശുപത്രിയിലേയ്ക്കു മാറ്റാനായി എത്തുന്ന ആംബുലൻസുകൾ എന്തിനു സൈറണിടുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഗുരുതരാവസ്ഥയിലുള്ള, അപകടത്തിൽപ്പെട്ടു കിടക്കുന്ന, അടിയന്തര സാഹചര്യത്തിലുള്ള ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിനാണ് സാധാരണയായി ആംബുലൻസുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള രോഗികളെ എടുക്കാൻ പോകുമ്പോഴോ, ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റുമ്പോഴോ മാത്രമാണ് ആംബുലൻസുകൾ സൈറണിട്ടു പായുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇപ്പോൾ കൊവിഡ് രോഗികളെ ആശുപത്രിയിലേയ്ക്കു ആക്കാൻ പോകുന്ന ആംബുലൻസുകൾ സൈറൺ ഇടുന്നതാണ് ഇപ്പോൾ വിമർശനത്തിന് ഇടയാക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള 90 ശതമാനം കൊവിഡ് രോഗികളും ഗുരുതരാവസ്ഥയിലുള്ളവരല്ല. രോഗ ലക്ഷണങ്ങൾ പോലും പലർക്കും പ്രകടമല്ലതാനും. ഇതിനിടെയാണ്, ഇത്തരക്കാരെ ആശുപത്രിയിൽ എത്തിക്കാൻ നിലവിളി ശബ്ദമിട്ട് ആംബുലൻസുകൾ എത്തുന്നത്.
നാട്ടിൽ ഒരാൾ കൊവിഡ് പോസിറ്റീവായി എന്നറിഞ്ഞാൽ ആദ്യം ആശങ്കയിലാകുന്നത് ഒരു നാട് മുഴുവനുമാണ്. ഇതിന്റെ ഇടയിലേയ്ക്കാണ് നാട്ടുകാരുടെ നെഞ്ചിൽ ആശങ്കയുടെ തീ കോരിയിട്ട് നിലവിളി ശബ്ദമിട്ട് ആംബുലൻസ് എത്തുന്നത്. ഇത് കൂടാതെയാണ് നിലവിളി ശബ്ദം ഇട്ടുള്ള ആംബുലൻസിലെ രോഗിയുടെ യാത്ര. കൊവിഡ് ബാധിച്ച രോഗിയാണെങ്കിലും ഇയാൾ ഒരു മനുഷ്യനാണ്.
ഈ രോഗിയുടെ മനസിനുള്ളിലേയ്ക്കാണ് ആംബുലൻസിന്റെ നിലവിളി ശബ്ദം വന്നു വീഴുന്നത്. ദിവസങ്ങളോളമുള്ള ഏകാന്ത വാസത്തിനു ശേഷമാണ് ഓരോ കൊവിഡ് രോഗിയും ആശുപത്രിയിലേയ്്ക്കു പോകാനിറങ്ങുന്നത്. ഇവിടെയാണ് ആംബുലൻസിന്റെ നിലവിളി. ഈ സാഹചര്യത്തിൽ കൊവിഡ് രോഗികളെ കൊണ്ടു പോകാനെത്തുന്ന ആംബുലൻസുകൾ നിലവിളി ശബ്ദം ഒഴിവാക്കണമെന്നും, അമിത വേഗത്തിൽ പായുന്നത് അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.