
കോട്ടയം ജില്ലയിൽ താമരക്കലാപം; കണ്ടാലറിയാത്ത കേട്ടിട്ടു പോലുമില്ലാത്ത സ്ഥാനാർത്ഥി കോട്ടയത്ത്..! ഏറ്റുമാനൂരിലും കോട്ടയത്തും ബി.ജെ.പിയിൽ പൊട്ടിത്തെറി: സീറ്റ് വിറ്റെന്ന ആരോപണവുമായി പ്രവർത്തകർ; രണ്ടു മണ്ഡലങ്ങളിലും പോസ്റ്റർ യുദ്ധം
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിലും കോട്ടയത്തും ബി.ജെ.പിയിൽ പൊട്ടിത്തെറി. രണ്ടിടത്തും ബി.ജെ.പി സീറ്റ് വിറ്റെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കോട്ടയം നഗരത്തിൽ കേട്ടിട്ടു പോലുമില്ലാത്ത, അടുത്തിടെ മാത്രം ബി.ജെ.പിയിൽ എത്തിയ വ്യവസായിക്ക് സീറ്റ് വിറ്റെന്ന ആരോപണമാണ് ഉയരുന്നത്. ഏറ്റുമാനൂരിൽ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയതോടെ, ബി.ജെ.പിയും ബി.ഡി.ജെ.എസും സ്ഥാനാർത്ഥിയെ പിൻവലിച്ചത് നാടകീയമായിരുന്നു.
രണ്ടിടത്തും എൻ.ഡി.എ ഒത്തുകളിച്ചതോടെയാണ് ബി.ജെ.പിയിൽ വൻ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. കോട്ടയം നിയോജക മണ്ഡലത്തിൽ ആദ്യം എൻ.ഡി.എ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാറിനെ ആയിരുന്നു. തുടർന്നു, ഹരികുമാർ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ സജീവമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവിടെ മിനർവ മോഹൻ സ്ഥാനാർത്ഥിയായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ തെക്കേക്കര മണ്ഡലത്തിലെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റായിരുന്നു മിനർവ മോഹൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി തിരുനക്കരയിൽ നടന്ന പൊതുസമ്മേളത്തേിലാണ് മിനർമ മോഹൻ ബി.ജെ.പിയിൽ ആദ്യമായി അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നായിരുന്നു ഇവർ ബി.ജെ.പിയിൽ അംഗത്വം എടുത്തത്. ഇതിനു പിന്നാലെ തന്നെ ഇവരെ കോട്ടയം നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് കോട്ടയത്ത് ഇപ്പോൾ ബി.ജെ.പിയിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയത്.
ഏറ്റുമാനൂർ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചത് ബി.ഡി.ജെ.എസ് ആയിരുന്നു. ബി.ഡി.ജെ.എസിന്റെ സംസ്ഥാന നേതാവായ എ.ജി തങ്കപ്പനായിരുന്നു ഇവിടെ സ്ഥാനാർത്ഥി. ഇവിടെ മത്സരത്തിനിറങ്ങിയപ്പോൾ ബി.ഡി.ജെ.എസിനു കഴിഞ്ഞ തവണ കാൽലക്ഷത്തോളം വോട്ടുകളാണ് ലഭിച്ചത്. ഇവിടെ ഇക്കുറി ആദ്യം പരിഗണിച്ചിരുന്നത് ബി.ഡി.ജെ.എസിന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ എം.പി സെന്നിന്റെ പേരാണ്. എന്നാൽ, എം.പി സെന്നിനെ വെട്ടി അപ്രതീക്ഷിതമായി പ്രിൻസ് കൈപ്പാറേടൻ കോട്ടയത്ത് സ്ഥാനാർത്ഥിയാകുകയായിരുന്നു.
ഇതിനിടെയാണ് ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായി രംഗത്ത് എത്തിയത്. ഇതോടെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ രാത്രി തന്നെ പിൻവലിക്കുകയും ചെയ്തു. ഇത് വൻ വിവാദമാണ് ഇപ്പോൾ ബി.ഡി.ജെ.എസിൽ ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ ലതികാ സുഭാഷുമായി ബി.ജെ.പി നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇവർ ആദ്യ ഘട്ടത്തിൽ ഇതിനു തയ്യാറായില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ബി.ഡി.ജെ.എസ് നേതൃത്വം ലതികാ സുഭാഷിനെ പിൻതുണയ്ക്കാൻ സ്വന്തം സ്ഥാനാർത്ഥിയെ തന്നെ പിൻവലിച്ചിരിക്കുന്നത്.