കൊട്ടിയൂർ പീഡനക്കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊട്ടിയൂരിൽ പതിനാറുകാരി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച കേസിൽ വിചാരണയ്ക്ക് സ്റ്റേയില്ലെന്ന് സുപ്രീംകോടതി. കേസിൽ അടുത്ത ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്‌റ്റേ ആവശ്യം ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. തങ്ങളുടേത് വ്യത്യസ്തമായ കേസാണെന്നും വിചാരണ സ്‌റ്റേ ചെയ്യണമെന്നും പ്രതികൾ വാദിച്ചു. എന്നാൽ രേഖകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ബാലഗോപാൽ, അഡ്വ. വിപിൻ നായർ എന്നിവർ ഖണ്ഡിച്ചു. കൊട്ടിയൂർ കേസിൽ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റർ ബെറ്റി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, ഒമ്പതാം പ്രതി വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ച വരുത്തിയതിനാണ് ഫാ. തേരകത്തിനും നാല് കന്യാസ്ത്രീകൾക്കുമെതിരെ കേസെടുത്തത്. ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാംപ്രതി.