
കൊട്ടിയൂർ പീഡനക്കേസ് : പീഡനത്തിനിരയായ പെൺകുട്ടിയുമായി വിവാഹത്തിന് തയ്യാർ ; കോടതിയെ അറിയിച്ച് കേസിൽ പ്രതിയും വൈദികനുമായിരുന്ന റോബിൻ വടക്കുംചേരി
സ്വന്തം ലേഖകൻ
വയനാട് : കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരി കോടതിയെ അറിയിച്ചു. പെൺകുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്.
റോബിൻ വടക്കുംചേരിയ്‌ക്കൊപ്പം പീഡനത്തിരയായ പെൺകുട്ടിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് റോബിൻ വടക്കുംചേരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയിൽ ഇളവിനും അനുമതി തേടിയിട്ടുണ്ട്. എന്നാൽ പെൺകുട്ടിയും റോബിൻ വടക്കുംചേരിയും തമ്മിലുള്ള വിവാഹത്തെ എതിർക്കുന്നില്ലെന്നും എന്നാൽ മുൻ വൈദികന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
വൈദികന് വേണമെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെൺകുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാൻ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നിൽ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തിട്ടുണ്ട്.
കേസിൽ കോടതി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കും.