കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ ; കേസിൽ നടി ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബാംഗങ്ങളും ഒളിവിൽ. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മി പ്രമോദുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.

ഷൂട്ടിങ്ങിനായി ലക്ഷ്മി പോകുമ്പോൾ റംസിയേയും കൂട്ടിയിരുന്നു. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയിരുന്നത്. ദിവസങ്ങൾക്ക് ശേഷം ഹാരിസിനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പതിവെന്നും റംസിയുടെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

അതിനാൽ റംസിയും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ കുടുങ്ങുമെന്ന് ബോധ്യമായതോടെ നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിൽ പോയിരിക്കുകയാണ്.

ഒളിവിൽ പോയ ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസിൽ രണ്ട് ദിവസത്തിനുള്ളിൽ നടി ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.

റംസി മൂന്നുമാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ഇവരുടെ മൊബൈൽ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരീസിന്റെ ഉമ്മയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഉമ്മയുടെ ഫോണും കസ്റ്റഡിയിൽ എടുക്കും.

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

റംസി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. ഇതിനിടയിൽ സാമ്പത്തിക ഭദ്രതയുള്ള ഒരു വിവാഹ ആലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.