‘കാറ്റാടി യന്ത്രം’ നിർമ്മിച്ച് താരമായി കുമരകം സ്വദേശി ബിവിൻ ദാസ്

Spread the love

കോട്ടയം: ഊർജമേഖലയ്ക്ക്‌ കരുത്താവാൻ പുതിയ കാറ്റാടി യന്ത്രവുമായി കുമരകം സ്വദേശി ബിവിൻ ദാസ്‌. കാറ്റാടി യന്ത്രങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി കുറഞ്ഞ കാറ്റിൽ രണ്ട്‌ ഡൈനാമോ പ്രവർത്തിക്കുകയും കൂടുതൽ ഊർജം ഉദ്‌പാദിപ്പിക്കുകയും ചെയ്യുന്ന യന്ത്രത്തിന്റെ മോഡലാണ്‌ ഇദ്ദേഹം ഒരുക്കിയത്‌. കാറ്റിനൊപ്പം ഗുരുത്വാകർഷണത്തെയും ഉപയോഗിച്ചാണ്‌ കാറ്റാടി യന്ത്രത്തിന്റെ പ്രവർത്തനമെന്ന്‌ ബിവിൻ പറഞ്ഞു.

കാറ്റാടി യന്ത്രത്തെ കുറിച്ച്‌ ബിവിൻ പറയുന്നത് ഇങ്ങനെ‘നിലവിലുള്ള കാറ്റാടി യന്ത്രങ്ങളിൽ കാറ്റിന്റെ ശക്തികൊണ്ട് കറങ്ങുന്ന ചക്രങ്ങൾ ‘ഡൈനാമോ’യിലെ കാന്തത്തെ കറക്കി ചെമ്പ് കമ്പിച്ചുറ്റിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ പുതിയ കാറ്റാടിയിൽ കാറ്റിന്റെ സഹായത്തോടെ ഡൈനാമോ പൂർണമായും ഒരു കേന്ദ്രത്തിന് ചുറ്റും കറക്കുന്നു. ഇതിനുള്ളിലെ ഭാഗത്തെ കറക്കാൻ ഗുരുത്വാകർഷണത്തെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനായി മെക്കാനിക്കൽ ലൂപ്പ്‌ എന്ന ആശയമാണ്‌ താൻ ഒരുക്കിയിട്ടുള്ളത്‌. സാധാരണ കാറ്റാടി യന്ത്രങ്ങളിൽ ഒരു ഡൈനാമോ മാത്രമാണ് പ്രവർത്തിക്കുക. ഇവിടെ രണ്ട് ഡൈനാമോകളാന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നത്. മാത്രമല്ല, ഒരു ഡൈനാമോ പ്രവർത്തിക്കാൻ വേണ്ടതിലും കുറഞ്ഞ കാറ്റ് മതിയെന്നും ബിവിൻ അവകാശപ്പെടുന്നു. ബിരുദ പഠനത്തിന്‌ ശേഷം വയറിങ് മേഖലയിലേക്ക്‌ ഇറങ്ങിയ ബിവിൻ ഫിസിക്‌സിനോടുള്ള താത്‌പര്യത്തിലാണ്‌ ഇത്തരം കണ്ടുപിടിത്തങ്ങളിലേക്ക്‌ എത്തിയത്‌. പുതിയ യന്ത്രത്തിനുള്ള പേറ്റന്റ്‌ ഉൾപ്പെടെ വാങ്ങാനുള്ള ശ്രമത്തിലാണ്‌ അദ്ദേഹം.