കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിൽ: തദേശ സ്ഥാപനങ്ങൾ മുന്നൊരുക്കം നടത്താത്തത് പ്രധാന പ്രശ്നം: മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ് വാട്ടർ അതോറിറ്റി.

Spread the love

കോട്ടയം: വേനല്‍ക്കാലം രൂക്ഷമായതോടെ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാകുകയാണു കോട്ടയം ജില്ല. കോട്ടയത്ത് മീനച്ചില്‍, മണിമല, തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു.
മീനച്ചിലാറിൻ്റെ മുകള്‍ഭാഗം പലയിടങ്ങളിലും വറ്റി വരണ്ടു. പല പഞ്ചായത്തിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. മലയോര മേഖലയില്‍ ദുരിതം ഇരട്ടിയാണ്.
കുടിവെള്ളം കിട്ടാതായതോടെ ജനങ്ങള്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലും ജല അതോറിറ്റി ഓഫീസുകള്‍ക്കു മുന്നിലും സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

video
play-sharp-fill

പക്ഷേ, ഫലം കാണുന്നില്ല. പുതുപ്പള്ളിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരു വാർഡിലും വെള്ളമില്ലാത്ത അവസ്ഥ വന്നതോടെ വാട്ടർ അതോറിറ്റിയും പഞ്ചായത്ത് ഭരണസമിതിയും തമ്മില്‍ വാക്ക് തർക്കം ഉണ്ടായി.
വേനല്‍ കടുത്തതോടെ കിടങ്ങൂരിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിടങ്ങൂർ സൗത്ത് മേഖലയിലാണ് ഏറ്റവും രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്നത്. പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രതിഷേധവും ശക്തമാണ്.

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പഞ്ചായത്ത് കാര്യക്ഷമായി ഇടപെടുന്നില്ലന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്തിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കുടിവെള്ളക്ഷാമം പെട്ടെന്ന് ഉണ്ടായ പ്രതിസന്ധിയല്ലെന്നും ഭരണസമിതി വേണ്ടത്ര മുന്നൊരുക്കം സ്വീകരിക്കാതിരുന്നതാണ് പ്രശ്നം ഇത്രയധികം രൂക്ഷമാകാൻ കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ളത്തിന് പരക്കംപായുകയാണ് മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ നിവാസികള്‍. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡില്‍ പെട്ട ഇവിടെ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
എരുമാപ്ര വാർഡില്‍ പെട്ട ഒറ്റപ്പെട്ട പ്രദേശമായ, മുപ്പതോളം വീട്ടുകാർ താമസിക്കുന്ന ഈ പ്രദേശത്ത് കുഴല്‍ കിണറോ, മറ്റ് പൈപ്പുകളോ ഒന്നും തന്നെ ഇല്ല. പട്ടികവർഗക്കാരായ ആളുകളാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകള്‍ ശേഖരിച്ച്‌ വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലും ശുദ്ധജല വിതരണം കാര്യക്ഷമമല്ല. വെള്ളം കിട്ടാതെ ജനം ദുരിതത്തിലാകുമ്പോഴും പരിഹാരം കാണാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ശുദ്ധജലവിതരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പലതരം മുടന്തൻ ന്യായങ്ങള്‍ നിരത്തുകയാണ് വാട്ടർ അതോറിറ്റി ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. മോട്ടോറുകളുടെ തകരാർ, വൈദ്യുതി പ്രശ്നം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു ജല അതോറിറ്റി പലപ്പോഴും ഒഴിവാക്കുകയാണത്രേ.