
കോട്ടയം : നഗരത്തിലെ ട്രാഫിക് നിയന്ത്രണം അവതാളത്തിലായി. ഇന്നുച്ചയ്ക്ക് നഗരമധ്യത്തിലെ ആകാശ പാതയ്ക്ക് സമീപം യുവതിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി. പരിക്കേറ്റ യുവതി അരമണിക്കൂറിലധികം നേരമാണ് റോഡിൽ കിടന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സഹായിക്കാൻ ഒരു പോലീസുകാരൻ പോലും എത്തിയില്ല. പൊതുജനങ്ങളുടെ സേവനത്തിനായി നഗരസഭ വാങ്ങിയിട്ടിരിക്കുന്ന ആംബുലൻസ് നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ മുറ്റത്ത് ഉണ്ടായിട്ടും കൺമുന്നിൽ കണ്ട അപകടത്തിന് സഹായം എത്തിക്കാൻ നഗരസഭാ ഡ്രൈവറും തയ്യാറായില്ല.
ആംബുലൻസ് എടുക്കാനായി നഗരസഭയിലെ ജീവനക്കാരും നാട്ടുകാരും ഡ്രൈവറോട് പറഞ്ഞെങ്കിലും ഉത്തരവ് ലഭിക്കാതെ ആംബുലൻസ് എടുക്കില്ലെന്ന വാശിയിലായിരുന്നു നഗരസഭാ ഡ്രൈവർ. കൺമുന്നിൽ ജീവനുവേണ്ടി പിടയുന്ന ഒരാളെ കണ്ടിട്ടും തിരിഞ്ഞു പോലും നോക്കാത്ത മനസ്സാക്ഷി മരവിച്ച സമീപനമായിരുന്നു നഗരസഭ ഡ്രൈവറുടെ ഭാഗത്തുനിന്നും ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി പങ്ങട സ്വദേശിനി നിഷയാണ് അപകടത്തിൽ പെട്ടത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിഷ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പട്ടാപ്പകൽ വഴിയാത്രക്കാരിയെ ഒരു ലോറിയിടിച്ചു വിഴ്ത്തിയിട്ടും കോട്ടയം നഗരത്തിലെ ഒറ്റ പോലീസുകാരനും എത്തിയില്ല എന്നത് അക്ഷര നഗരിക്ക് അപമാനമായി. പോസ്റ്റ് ഓഫീസിനു മുന്നിലെ സീബ്രാ ലൈൻ വഴി ക്രോസ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
ഇതിന് തൊട്ടടുത്ത് ആകാശപാതയുടെ കീഴെ പോലീസ് ഡ്യൂട്ടിയുള്ളതാണ്. അവർ പോലും തിരിഞ്ഞു നോക്കിയില്ല.
വാഹനങ്ങൾ നിയന്ത്രിക്കുക മാത്രമല്ല ട്രാഫിക് പോലിസിന്റെ ജോലി. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമുണ്ടാകുന്ന അപകടങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ സഹായഹസ്തം നീട്ടുക എന്നതും പോലീസിന്റെ ജോലിയാണ്.
കോട്ടയം നഗരത്തിലിപ്പോൾ ഗതാഗത നിയന്ത്രണം പാളിയ മട്ടാണ് .
ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പിൽ ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപെടുന്നത്.
പി.ടി.ചാക്കോ പ്രതിമ മുതൽ താഴേക്ക് ബസുകൾ നിരന്നുകിടക്കുകയാണ്. ശാസ്ത്രീ റോഡിലേക്ക് കടക്കുമ്പോൾ അനധികൃതമായി നിരവധി പെട്ടിക്കടകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ പെട്ടിക്കടകൾക്ക് മുന്നിലായി ഓട്ടോറിക്ഷ സ്റ്റാൻഡും ഉണ്ട്. ഇതിനിടയിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
എപ്പോൾ വേണമെങ്കിലും ഇവിടെ ഒരപകടം സംഭവിക്കാം. സ്റ്റോപ്പിൽ എത്തുന്ന ബസുകൾ നിയന്ത്രിച്ചു വിടുന്നതിൽ വൻ വിഴ്ചയാണ് പോലീസിന് സംഭവിക്കുന്നത്. അതിനാൽ തന്നെ ബസുകാർ തോന്നിയ രീതിയിൽലാണ്
ഓടുന്നത്.
നഗരത്തിലൂടെ അമിതവേഗതയിൽ ബൈക്കിൽ ചീറിപ്പായുന്ന ഫ്രിക്കൻമാരെ പിടിക്കാനും പോലീസിന് കഴിയുന്നില്ല.
ജില്ലാ ആശുപത്രിക്ക് മുമ്പിലും ട്രാഫിക് നിയന്ത്രണം ഇല്ല..ഇവിടെ റോഡ് ക്രോസ് ചെയ്ത നിരവധിയാളുകളാണ് അപകടത്തിൽപെടുന്നത്. ധർമാശുപത്രിയെ ആശ്രയിക്കുന്ന പാവങ്ങൾക്ക് എന്ത് പരിരക്ഷ എന്നതാണ് പോലീസ് നിലപാട്. അതേസമയം പണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കു മുന്നിൽ രണ്ടും മൂന്നും പോലിസിനെ കാണാം.
കുമരകം റോഡിലെ തിരക്ക് നിയന്ത്രിക്കാനും പോലിസ് എത്താറില്ല.