കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍നിന്നു വിരമിച്ച നഴ്സിംഗ് അസിസ്റ്റന്‍റുമാർക്ക് പെൻഷൻ കിട്ടുന്നില്ല: ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് പരാതി: പെൻഷൻകാർ കുടുംബത്തോടൊപ്പം നാളെ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ധർണ നടത്തും.

Spread the love

ഗാന്ധിനഗർ: അനുവദിച്ച പെൻഷൻ പോലും കിട്ടാൻ സമരം ചെയ്യേണ്ട ഗതികേടിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിരമിച്ചവർ. ആശുപത്രിയില്‍നിന്നു വിരമിച്ച നഴ്സിംഗ് അസിസ്റ്റന്‍റ്് ജീവനക്കാർ നാളെ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
പെൻഷനായിട്ട് ഏഴ് മാസക്കാലം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാത്ത 17 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നില്‍ ധർണയിരിക്കുന്നത്.

എജി പെൻഷൻ ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ തന്നിട്ടുണ്ട്. എന്നാല്‍, ആശുപത്രി ഓഫീസില്‍ പെൻഷൻകാരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ അനാസ്ഥ മൂലമാണ് തങ്ങള്‍ക്ക് പെൻഷൻ കിട്ടാത്തതെന്നാണ് വിരമിച്ച ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

എജി പെൻഷൻ അനുവദിച്ചപ്പോള്‍ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് നല്‍കാൻ സെക്‌ഷൻ ക്ലർക്ക് തയാറായില്ലെന്നാണ് ആരോപണം. പെൻഷന്‍റെ കാര്യം ചോദിക്കാൻ ചെല്ലുന്നവരോടു ക്ലർക്ക് തട്ടിക്കയറുകയാണെന്നും പരാതിയുണ്ട്. പെൻഷൻ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന ജീവനക്കാരെക്കുറിച്ച്‌ പലതവണ ആശുപത്രി അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെത്തുടർന്ന് ഏഴു മാസക്കാലമായി വലിയ ദുരിതത്തിലാണ് പെൻഷൻകാരുടെ കുടുംബം. ലോണെടുത്തവർ തിരിച്ചടവിന് ബുദ്ധിമുട്ടു നേരിടുന്നു. രോഗികളായവർ മരുന്ന് വാങ്ങാൻ വലിയ കഷ്ടതയാണ് നേരിടുന്നത്. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.

ഈ സാഹചര്യത്തിലാണ് വിരമിച്ച ജീവനക്കാരും കുടുംബാംഗങ്ങളും തങ്ങള്‍ക്കു ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ക്കായി സമരത്തിനൊരുങ്ങുന്നത്. നാളെ രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിന്‍റെ മുന്നില്‍ നടക്കുന്ന പ്രതിഷേധ ധർണ ചാണ്ടി ഉമ്മൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും.