
കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയത്തെ .ഡി.എഫ് ചിത്രം പൂർണമായില്ല.ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത് മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ മാത്രം. ഇതിൽ രണ്ട് പേർ സിറ്റിംഗ് എം.എൽ.എമാരാണ്. വൈക്കത്തെ സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചിട്ടുണ്ട്, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഇതോടെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുമെന്നുറപ്പായി.കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെയും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ വൈക്കത്ത് യു.ഡി.എഫ് സ്വതന്ത്രനാകുമെന്ന കരുതിയിരുന്ന സണ്ണി കപിക്കാടിന് പകരം കോൺഗ്രസിലെ ബിനിമോനാണ് സ്ഥാനാർത്ഥി.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ് സണ്ണിക്ക് വിനയായത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിനിമോൻ ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ബിനിമോൻ സ്ഥാനാർഥിയാകുന്നതോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നും സി.പി.ഐയിലെ പടലപിണക്കങ്ങൾ മുതൽക്കൂട്ടാകുമെന്നും യു.ഡി.എഫ് കരുതുന്നു.
കടുത്തരുത്തിയിൽ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫ് തന്നെയാണ്സ്ഥാനാർത്ഥി. ചങ്ങനാശേരിയിൽ സഭയുടെ താത്പര്യത്തിന് വഴങ്ങിയാണ് ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ അംഗം വിനു ജോബിന് നറുക്കുവീണത്. അതേസമയം തിരിച്ചുപിടിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് യു.ഡി.എഫ് അണികളെ നിരാശരാക്കുന്നുണ്ട്.
ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കന്റെ പേരാണ് അവസാനം ഉയരുന്നത്. എന്നാൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ പട്ടികയായിട്ടില്ല. സാമുദായിക പരിഗണന കൂടി പരിഗണിക്കും.
പൂഞ്ഞാറിൽ ടോമി കല്ലാനി, നാട്ടകം സുരേഷ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, രാജേഷ് കൈടാച്ചിറ അടക്കമുള്ളവരുടെ പേരുകളും പരിഗണനയിലുണ്ട്.



