
കുറവിലങ്ങാട്: പൊള്ളുന്ന ചൂടിൽ കാർഷിക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. ജലക്ഷാമവും ഉയർന്ന ചൂടും ഒരുമിച്ചതോടെ കൃഷിയിനങ്ങളേറെയും കരിഞ്ഞുണങ്ങുകയാണ്.
വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവർക്കേറെയും വിപണിയിൽ എത്തിക്കാൻ വിളവുകൾ അധികം ലഭിച്ചില്ല. കനത്ത ചൂടിൽ പൂക്കളെല്ലാം കൊഴിഞ്ഞുവീഴുന്നതിനാൽ പച്ചക്കറി ഇനങ്ങളിൽ വിളവില്ലാതെ വന്നതായാണ് കർഷകർ പറയുന്നുത്.
കുര്യം, വെമ്പള്ളി, കാണക്കാരി, കളത്തൂർ, വയല, മണ്ണയ്ക്കനാട്, വളകുഴി പ്രദേശത്താണ് പച്ചക്കറി കൃഷി വ്യാപകമായി നടത്തുന്നത്. മുൻവർഷങ്ങളിലേതുപോലെ വേനൽച്ചൂടിന് ആശ്വാസം സമ്മാനിച്ച് മഴയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരേറെയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷിക്കൊപ്പം മൃഗസംരക്ഷണമേഖലയും വലിയ ഭീഷണിയിലാണ്. തീറ്റയ്ക്ക് പ്രയാസപ്പെടുന്നതിനൊപ്പം ചൂട് ഉയർന്നതോടെ പാലുത്പാദനവും നന്നേ കുറഞ്ഞതായി ക്ഷീരകർഷകർ പറയുന്നു.
ചൂട് ശക്തമായതോടെ ചെടിയുടെ വളർച്ച കുറയുന്നു. കായ് കുറയുന്നു. പൂക്കൾ കൊഴിഞ്ഞുപോകുന്നത് വലിയ ഭീഷണിയാണ്. ജലലഭ്യത ഉറപ്പാക്കാൻ കഴിയുന്നില്ല.
ദിവസം രണ്ട് തവണ നനയ്ക്കേണ്ടിവരുന്നതിനാൽ ചെലവ് വർധിക്കുന്നു. അതിന് തക്കതായ വില ലഭിക്കുന്നില്ല. പടവലത്തിന്റെ കായ്കൾ വളർച്ചയെത്തുന്നില്ല.
ഇപ്പോഴത്തെ കൃഷിക്കപ്പുറം ഇനിയുള്ള ഒരുക്കത്തിനും മഴയുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. മേടം പത്തിന് ഒന്നും നടാൻ കഴിയില്ല. മണ്ണിന് തണുപ്പില്ലാത്തതിനാൽ സ്ഥലമൊരുക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് കർഷകർ പറയുന്നു.
കാർഷികമേഖലയ്ക്കൊപ്പം ക്ഷീരകർഷക മേഖലയിലും വലിയ പ്രതിസന്ധിയാണ്. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ചൂടുമൂലം പശുക്കൾ ചത്തുവീഴുന്ന സ്ഥിതിയിൽവരെയെത്തി സാഹചര്യം. വേനൽച്ചൂടിൽ കൃഷി നശിക്കുമ്പോൾ കർഷകന് പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ല. അമിത ചൂട് കണക്കിലെടുത്ത് കർഷക സൗഹൃദ ഇടപെടലുകൾക്ക് അധികാരികൾ നടപടി സ്വീകരിക്കണം.



