
ദേവപ്രശ്നത്തിൽ വഴികാട്ടി: നൂറ്റാണ്ടുകള്‍ക്ക് മുൻപ് കാണാതായ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വിഗ്രഹം നൂറ്റാണ്ടുകൾക്ക് മുൻപ് കാണാതായിരുന്നു. ഇപ്പോൾ ആ വിഗ്രഹം ദേവപ്രശ്നത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ മണിക്കിണറിനുള്ളില്‍ ഭഗവതിയുടെ വിഗ്രഹമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തില്‍ തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ മണിക്കിണറില്‍ നിന്ന് വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു.
വെള്ളിലാപ്പിള്ളി പുത്തന്‍കാവ് പുത്തന്‍കാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. ക്ഷേത്രം നശിച്ചു കിടക്കുന്നത് നാടിന് ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 13ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്‌നം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്ടമംഗല പ്രശ്നത്തില്‍ പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷന്‍. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നാണ് ദേവപ്രശ്‌നവിധിയില്‍ തെളിഞ്ഞത്. രാജാവിന്റെ കാലത്ത് ക്ഷേത്രം മികച്ച രീതിയിലാണ് മുന്നോട്ടു പോയിരുന്നതെന്നും എന്നാല്‍ രാജനാവിന്റെ കാലശേഷം ക്ഷേത്രം നാശോന്‍മുഖമാകുകയായിരുന്നു എന്നും ദേവപ്രശ്നത്തില്‍ വ്യക്തമായി.
നശിച്ചുപോയ ക്ഷേത്രത്തില്‍ നിന്ന് ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ഏതോ ജലാശയത്തില്‍ തള്ളിയെന്നായിരുന്നു പ്രശ്‌നചിന്തയിലൂടെ വ്യക്തമായത്. മൂന്ന് മാസത്തിനുള്ളില്‍ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും വിജയരാഘവ പണിക്കര്‍ പറഞ്ഞു.അഷ്ടമംഗല ദേവപ്രശ്നത്തിനു ശേഷം ക്ഷേത്രോപദേശക സമിതി വിഗ്രഹം തിരയാന്‍ ആരംഭിച്ചു. ഭക്തരുടെ നേതൃത്വത്തില്‍ ക്ഷേത്ര വളപ്പ് പരിശോധിച്ചപ്പോള്‍ നാശോന്മുഖമായ മണിക്കിണര്‍ കണ്ടെത്തുകയായിരുന്നു.
കിണര്‍ കണ്ടെത്തിയതോടെ കിണര്‍ വറ്റിക്കാന്‍ ക്ഷേത്ര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്മണ്യനേയും സുഹൃത്തുക്കളേയും കിണര്‍ വറ്റിക്കാന്‍ ചുമതലപ്പെടുത്തി. കിണര്‍ വറ്റിക്കുന്നതിനിടയിലാണ് ചേറില്‍ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തിയത്. കരിങ്കല്‍ പീഠത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം മൂന്ന് കഷണമായി മുറിഞ്ഞാണ് കിണറിനുള്ളില്‍ കിടന്നിരുന്നത്. ദേവപ്രശ്നത്തില്‍ പറഞ്ഞതുപോലെ വിഗ്രഹം തിരിച്ചു കിട്ടിയതോടെ വിഗ്രഹം കാണാന്‍ നിരവധിപേരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.