video
play-sharp-fill
കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ പഴക്കടയിൽ എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ ബാധയെന്ന് സംശയം: കോടിമതയിലെയും നഗരത്തിലെയും പച്ചക്കറി മാർക്കറ്റ് അടച്ചു പൂട്ടി; അണുനശീകരണത്തിന് ശേഷം മാത്രം കടകൾ തുറന്നാൽ മതി എന്ന് നിർദേശം

കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ പഴക്കടയിൽ എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ ബാധയെന്ന് സംശയം: കോടിമതയിലെയും നഗരത്തിലെയും പച്ചക്കറി മാർക്കറ്റ് അടച്ചു പൂട്ടി; അണുനശീകരണത്തിന് ശേഷം മാത്രം കടകൾ തുറന്നാൽ മതി എന്ന് നിർദേശം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ പഴക്കടയിൽ എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ ബാധയെന്നു സംശയം. ഇതേ തുടർന്നു കോടിമത പച്ചക്കറി മാർക്കറ്റും, കോട്ടയം മാർക്കറ്റും അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് കോടിമതയിലെയും നഗരമധ്യത്തിലെയും മാർക്കറ്റ് അടച്ചു പൂട്ടാൻ നിർദേശിച്ചത്.

കോട്ടയം നഗരമധ്യത്തിലെയും, കോടിമതയിലെയും പച്ചക്കറി മാർക്കറ്റുകളിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ജീപ്പിൽ എത്തി കട അടച്ചു പൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടകൾ തുറന്നു പ്രവർത്തിക്കരുതെന്നും, അണുനശീകരണത്തിനു ശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റിലെ കടകൾ പൂർണമായും അടച്ചു പൂട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 21 നാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് പാലക്കാട് വച്ചു കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ലോറി ഡ്രൈവർ കോട്ടയം നഗരത്തിൽ ചന്തക്കടവിൽ പ്രവർത്തിക്കുന്ന പഴക്കടയിൽ ലോഡുമായി എത്തി മടങ്ങിയിരുന്നു. ഇയാൾക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇയാൾ അടുത്തിപഴകിയ 17 പേരെ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസം തന്നെ ആക്കിയിരുന്നു.

ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറും, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെയും നേതൃത്വത്തിലുള്ള സംഘം കോടിമത ചന്തക്കടവിലെ പഴക്കട സന്ദർശിക്കുകയായിരുന്നു. തുടർന്നു ഈ ചന്തക്കടവിലെ കടയിൽ നിന്നും ജീവനക്കാരും, ലോറി ഡ്രൈവറും സഞ്ചരിച്ചതായി കരുതുന്ന കോട്ടയം നഗരമധ്യത്തിലെ പച്ചക്കറി മാർക്കറ്റും, കോടിമതയിലെ പച്ചക്കറി മാർക്കറ്റും അടച്ചു പൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് രണ്ടു മാർക്കറ്റുകളും വൈകിട്ട് അഞ്ചു മണിയോടെ അടച്ചു പൂട്ടി.

ഈ മാർക്കറ്റുകളിൽ അണു നിശീകരണത്തിന് ശേഷം മാത്രമേ ഇനി തുറക്കൂ. എന്നാൽ, നിലവിൽ കോട്ടയത്ത് ഒരാൾക്കു പോലും പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല. പ്രതിരോധന നടപടികളുടെ ഭാഗമായാണ് ഇപ്പോൾ മാർക്കറ്റുകൾ അടച്ചിരിക്കുന്നത്. നിലവിൽ 17 പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലം പുറത്തു വന്ന ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളൂ.