ഇന്ത്യയിലേയ്ക്ക് യാത്രാ വിലക്കുമായി സൗദി..! വിലക്ക് ഏർപ്പെടുത്തിയത് 20 രാജ്യങ്ങളിലേയ്ക്ക്; കാരണം കൊവിഡ് വ്യാപനം
തേർഡ് ഐ ബ്യൂറോ
റിയാദ്: കൊവിഡിനെ പിടിച്ചുകെട്ടിയെന്നും വാക്‌സിൻ എത്തിയതോടെ കൊവിഡ് നിയന്ത്രിക്കാനാവുമെന്നും പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയ്ക്കും, ഇന്ത്യക്കാർക്കും കൊവിഡിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തി സൗദി. കൊവിഡ്
വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഇന്ത്യ, അർജന്റീന, യു.എ.ഇ, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, അയർലന്റ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, ബ്രിട്ടൻ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതാണ് താൽക്കാലികമായി പൂർണമായും വിലക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർക്കും നയതന്ത്രജ്ഞർക്കും ആരോഗ്യ പ്രവർത്തകർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും വിലക്ക് ബാധകമല്ല. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഈ രാജ്യങ്ങൾ വഴി കടന്നുപോയ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ബാധകമാണ്.
ഇക്കൂട്ടത്തിൽ പെട്ട ഏതെങ്കിലും രാജ്യത്തുകൂടി കടന്നുപോയ സൗദി പൗരന്മാരുടെയും നയതന്ത്രജ്ഞരുടെയും ആരോഗ്യ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സൗദിയിലേക്കുള്ള പ്രവേശനം ആരോഗ്യ മന്ത്രാലയം നിർണയിക്കുന്ന മുൻകരുതൽ നടപടികൾക്ക് അനുസൃതമായാണ് അനുവദിക്കുക. നാളെ രാത്രി ഒമ്പതു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിലക്ക് നാളെ നിലവിൽ വരുന്നതോടെ ദുബായ് വഴി സൗദിയിലേക്ക് എത്തുന്നതിനായി നിലവിൽ ആയിരക്കണക്കിന് മലയാളികളാണ് ദുബായിയിൽ കുടുങ്ങിയിരിക്കുന്നത് ഇവരുടെ സൗദിയിലേക്കുള്ള വരവിൽ പുതിയ തിരുമാനത്തോടെ അനിശ്ചിതത്വം നിലനില്കുകയാണ്.