
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നാഗമ്പടത്ത് കുടുംബശ്രീ സരസ് മേളയുടെ ഭാഗമായി റാലിയിൽ പങ്കെടുക്കാനായി കുടുംബശ്രീ അംഗങ്ങളെ പ്രൈവറ്റ് ബസ്സുകളിൽ കൊണ്ടുവന്നതിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് അസോസിയേഷൻ അംഗങ്ങൾ.
കോടിമതയിൽ അംഗങ്ങളെ കൊണ്ടുവന്ന പ്രൈവറ്റ് ബസിന് മുന്നിലിരുന്നു പൊതിച്ചോറ് നിന്ന് ഭക്ഷണം കഴിക്കുകയും അതിൽ മണ്ണ് വാരിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന പ്രവർത്തിയാണ് പ്രൈവറ്റ് ബസുക്കാരുടെയെന്നും അതിൻ്റെ പ്രതീകമായാണ് ഇത്തരമൊരു പ്രതിഷേധമെന്നും പ്രതിനിധികൾ പറഞ്ഞു.
വീഡിയോ കാണാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് ലംഘിച്ച് 4000, 5000 രൂപയ്ക്ക് വേണ്ടി മൂന്ന്, നാല് ചാലുകൾ മുടക്കിയാണ് സ്വകാര്യ ബസുകൾ ഇത്തരം പരിപാടിക്കായി എത്തുന്നത്. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് പരിപാടിക്കായി എത്തിയതെന്നും ഈ ബസുകൾക്കൊന്നും കോട്ടയം റൂട്ടിലോടാൻ പെർമിറ്റ് ഇല്ലെന്നും ഇവർ പറയുന്നു. ഇതിന് സർക്കാരും കൂട്ടുനിൽക്കുവെന്നാണ് ആരോപണം.
ഇത്തരം വണ്ടികൾക്ക് യാതൊരുവിധ നിയമ പരിരക്ഷയോ ഇൻഷൂറൻസോ ഇല്ല.
ലക്ഷക്കണക്കിന് രൂപ ടൂറിസ്റ്റ് ബസുടമകളിൽ നിന്ന് ടാക്സ് വാങ്ങുമ്പോഴും ഇത്തരം പരിപാടികൾക്കായി സ്വകാര്യ ബസുകളെ നിയമിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇത് ടൂറിസ്റ്റ് ബസുടമകളോട് കാണിക്കുന്ന അനീതിയാണെന്നും ഇവർ പറയുന്നു.
സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നത് യാത്രക്കാരെയും പ്രതിസന്ധിയിലാക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർ മറ്റു ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കോട്ടയത്ത് നടന്ന മറ്റു സമ്മേളനങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. എല്ലാ നിയമങ്ങളും പാലിച്ച് സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളെ തടഞ്ഞു നിർത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.