കോട്ടയത്തിന്റെ റോഡുകളുടെ മുഖം മിനുക്കി ജി 20 ; തണ്ണീർമുക്കം – കുമരകം, വൈക്കം – വെച്ചൂർ റോഡ് പുനർനിർമ്മാണം ;യാത്രാ ദുരിതത്തിന് പരിഹാരം
സ്വന്തം ലേഖകൻ
വൈക്കം: കുമരകത്തു നടക്കുന്ന ജി 20 സമ്മേളനത്തോടനുബന്ധിച്ച് വർഷങ്ങളായി കുണ്ടുംകുഴിയുമായി തകർന്നുകിടന്ന തണ്ണീർമുക്കം – കുമരകം, വൈക്കം – വെച്ചൂർ റോഡ് പുനർനിർമിച്ചതു ജനത്തിന് ആശ്വാസമായി. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെയും വൈക്കം – വെച്ചൂർ റോഡിലെ ബണ്ട് റോഡ് ജംഗ്ഷൻ മുതൽ തലയാഴം-തോട്ടകം വരെയുള്ള 11 കിലോമീറ്റർ ദൂരവുമാണ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.
വൻ ഗർത്തങ്ങൾ രൂപപ്പെട്ട വഴിയിൽ അപകടങ്ങളും തുടർക്കഥയായിരുന്നു. തണ്ണീർമുക്കം ബണ്ട് റോഡ് മുതൽ വെച്ചൂർ, കൈപ്പുഴമുട്ട് വരെ റോഡ് ഏറെക്കുറെ പൂർണമായി തകർന്ന നിലയിലായിരുന്നു. ഈ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിച്ചതോടെ ജനങ്ങളുടെ ഏറെക്കാലത്തെ ദുരിതത്തിനാണ് പരിഹാരമായത്. വൈക്കം-വെച്ചൂർ റോഡിലെ 11 കിലോമീറ്റർ 22 എംഎം കനത്തിലാണ് ടാർ ചെയ്യുന്നത്. തലയാഴം തോട്ടകം ഗവൺമെന്റ് എൽപി സ്കൂൾ ജംഗ്ഷൻവരെ ടാറിംഗ് പൂർത്തിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടകം അട്ടാറ പാലംവരെയുള്ള ഒരു കിലോമീറ്റർ ദൂരംകൂടിയാണ് ഇനി ടാറിംഗ് നടക്കാനുള്ളത്. സമീപ റോഡിന്റെ നിർമാണം നിലച്ച അഞ്ചുമന പാലത്തിന്റെ സമാന്തര റോഡിൽ ടൈൽ പാകി മെച്ചപ്പെടുത്തുന്ന പണികളും പുരോഗമിക്കുകയാണ്.