മഴയില്‍ കുതിര്‍ന്ന്‌ കോട്ടയം ജില്ല; ഇന്ന്‌ റെഡ്‌ അലര്‍ട്ട്‌; പുഴകളിലും തോടുകളിലും ജലനിരപ്പ്‌ ഉയരുന്നതിനാല്‍ കടുത്ത ആശങ്ക; മീനച്ചിലാറ്റിലും പാലായിലും വെള്ളം ഉയരാൻ സാധ്യത; ഈരാറ്റുപേട്ടയിൽ മഴയ്ക്കൊപ്പം നാശം വിതച്ച് ശക്തമായ കാറ്റും; മഴ തുടർന്നാൽ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യത; കനത്ത സുരക്ഷാ മുന്നറിയിപ്പ്

Spread the love

കോട്ടയം: ഇടവേളകളില്‍ തോര്‍ന്നുവെങ്കിലും ജില്ല ഇന്നലെ മഴയില്‍ കുതിര്‍ന്നു.

ഇന്നു റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജാഗ്രത ശക്‌തമാക്കി. ഏതാനും വര്‍ഷമായി മേയ്‌ അവസാന വാരങ്ങളില്‍ ജില്ലയില്‍ മഴ ശക്‌തമാകുന്ന രീതി ഇത്തവണയും തുടരുകയാണ്‌. വരും ദിവസങ്ങളില്‍ മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പ്‌ വെള്ളപ്പൊക്ക സാധ്യതയിലേക്കുള്‍പ്പെടെ വിരല്‍ ചൂണ്ടുന്നത്‌ ആശങ്ക വര്‍ധിപ്പിക്കുന്നു.

ശനിയാഴ്‌ച രാത്രിയും ഞായര്‍ പുലര്‍ച്ചെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ പെയ്‌തു. അപകട നിരപ്പിലേക്ക്‌ എത്തിയിട്ടില്ലെങ്കിലും പുഴകളിലും തോടുകളിലും ജലനിരപ്പ്‌ ഉയരുന്നതിനാല്‍ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. കരയില്‍ താമസിക്കുന്നവര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറ്റില്‍ പാലായില്‍ ഉള്‍പ്പെടെ വെള്ളം ഉയരുന്ന പ്രവണതയായിരുന്നു. എന്നാല്‍, വെള്ളപ്പൊക്ക സാധ്യത രാത്രി വൈകും വരെയും ഇല്ല. മണിമലയാറ്റില്‍ ജലനിരപ്പ്‌ സാധാരണ നിലയില്‍ തുടരുകയാണ്‌. ഇന്നു ജില്ലയില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ നല്‍കുന്നത്‌.

24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ മഴയാണ്‌ ലഭിക്കുന്നതിനെയാണ്‌ അതിതീവ്ര മഴകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. വേനല്‍ മഴയിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയിലും മണ്ണ്‌ കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ അതിതീവ്ര മഴയുണ്ടായാല്‍ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലിന്‌ ഉള്‍പ്പെടെയുള്ള സാധ്യതയുമുണ്ട്‌. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ കിഴക്കന്‍ മേഖലകളില്‍ ഏതാനും ദിവസമായി ശക്‌തമായ മഴയാണ്‌ പെയ്യുന്നത്‌. മഴയ്‌ക്കൊപ്പം കാറ്റും വ്യാപക നാശം വിതയ്‌ക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മേഖലയില്‍ നാശംവിതച്ച കാറ്റ്‌ ശനിയാള്‌ച രാത്രിയില്‍ എരുമേലി കണമല മേഖലയിലും നാശമുണ്ടാക്കി. കാറ്റില്‍ കണമല പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു. എയ്‌ഞ്ചല്‍വാലി മേഖലയിലും കാറ്റില്‍ നാശമുണ്ടായി.