
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് നേഴ്സിങ് സ്കൂളിൽ നടന്ന ക്രൂര റാഗിംങ്ങിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ജൂനിയർ വിദ്യാർത്ഥിയെ വിവസ്ത്രനാക്കി കൈയുംകാലും കട്ടിലില്‍ കെട്ടിയിട്ട്, മാറിടങ്ങളിൽ ക്ലിപ്പിട്ട്, ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കഴുത്തുമുതല്‍ കാല്‍പാദംവരെ ഡിവൈഡറും കോമ്ബസും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച് സീനിയർ വിദ്യാർത്ഥികൾ.
കുത്തിയ സ്ഥലങ്ങളില്‍നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്ബല്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വെച്ചു.
മനഃസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരപീഡനമാണ് കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനിരയായ ഒന്നാംവർഷ ജി.എൻ.എം. വിദ്യാർഥികള്‍ അനുഭവിച്ചത്. ഈ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവിങ് റേസർ ഉപയോഗിച്ച് വടിച്ചു. ഈ പീഡനത്തിനിടെ, ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന വീഡിയോയും പോലീസിന് ലഭിച്ചു.
പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർഥികള്‍ മദ്യപിച്ചു. മൊബൈലില്‍ ചിത്രീകരിച്ച ഈ രംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്ക് മുമ്ബ് പീഡനം തുടങ്ങുന്നത്. രാത്രി 11 മണിയോടെ ജൂനിയർ വിദ്യാർഥികളെ പ്രതികളുടെ മുറിയിലേക്ക് ഫോണില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം.
നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ മുറിയില്‍ ഉച്ചത്തില്‍ പാട്ടും വെക്കും. പാട്ടിനൊപ്പം വിദ്യാർഥികളെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തില്‍െവച്ച് ഭീഷണിപ്പെടുത്തുകയുംചെയ്തു.
എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികള്‍ 800 രൂപവീതം സീനിയർ വിദ്യാർഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. പണമയച്ചതിന്റെ ഗൂഗിള്‍ പേ തെളിവുകള്‍ പോലീസ് ശേഖരിച്ചു. പുറത്തുപോയി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ സീനിയർ വിദ്യാർഥികളുടെ അനുമതി വാങ്ങണമായിരുന്നു. ഇവർപറയുന്ന സമയത്ത് പറയുന്ന കടകളില്‍നിന്ന് മാത്രമേ വാങ്ങാവുള്ളൂ. നിർദേശങ്ങള്‍ ലംഘിച്ചാലും മർദ്ദിക്കും.
പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാള്‍ കെ.ജി.എസ്.എൻ.എ.യുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്.
തിങ്കളാഴ്ച പ്രതികള്‍ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതിനെത്തുടർന്ന് ക്രൂരമർദ്ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടില്‍ അറിയിച്ചതും പരാതിയിലേക്കെത്തിയതും.
സേ നോ ടു റാഗിങ് ഭിത്തിയില്‍ മാത്രം
കോട്ടയം: ‘സേ നോ ടു റാഗിങ്….’ കോട്ടയം ഗവ. നഴ്സിങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലുമ്ബോള്‍ ഹൗസ് കീപ്പറുടെ മുറിക്ക് സമീപം ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററാണിത്.
ഇതിന് തൊട്ടടുത്തുള്ള രണ്ട്, 13 നമ്ബർ മുറികളില്‍ മാസങ്ങളായി നടന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ റാഗിങ്ങും. ഒന്നാം വർഷ ജി.എൻ.എം. വിദ്യാർഥികളായ ആറ് പേരാണ് റാഗിങ്ങിനിരയായത്.
പ്രതികള്‍ മൂന്ന് പേർ മൂന്നാംവർഷ വിദ്യാർഥികളും രണ്ട് രണ്ടാംവർഷ വിദ്യാർഥികളുമാണ്.
ഹോസ്റ്റലിലുള്ളവർ ഉറങ്ങിയതിനുശേഷമാണ് പീഡനം തുടങ്ങുക. ഒന്നാംനിലയിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികളും സ്ഥിരം താമസിക്കുന്ന അധ്യാപകർപോലും പരാതിയുയർന്നപ്പോള്‍ മാത്രമാണ് തൊട്ടടുത്ത മുറിയില്‍ നടന്ന കൊടിയ പീഡനങ്ങള്‍ അറിഞ്ഞത്. രാത്രി പത്തരയ്ക്ക് ശേഷം എല്ലാവരും ഉറങ്ങിക്കഴിയുമ്ബോള്‍ പ്രതികള്‍ ഒന്നാംവർഷ വിദ്യാർഥികളെ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരുത്തും.
മുറിക്കുള്ളില്‍ കടക്കുന്ന വിദ്യാർഥികള്‍ക്ക് പിന്നെ മണിക്കൂറുകളോളം കൊടിയ റാഗിങ്ങാണ് നേരിടേണ്ടി വരുന്നത്. 14 ജി.എൻ.എം. വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ താഴത്തെ നിലയിലാണ് ഇവർക്കുള്ള താമസം.
ഹോസ്റ്റല്‍ ഹൗസ് കീപ്പറുടെ മുറിയോട് ചേർന്നാണ് ഇത്. 24 മണിക്കൂറും ജോലിയിലുള്ള ജീവനക്കാരനാണിത്. എന്നാല്‍ ആറ് വിദ്യാർഥികള്‍ മാസങ്ങളായി റാഗിങ്ങിനിരയായ വിവരം ജീവനക്കാരൻ അറിഞ്ഞില്ല. അസമയത്ത് ഭക്ഷണവും വെള്ളവും മറ്റും ഒന്നാംവർഷ വിദ്യാർഥികള്‍ എടുത്തുകൊണ്ട് മറ്റു മുറികളിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, പരിശോധന നടത്താൻ ഹൗസ് കീപ്പർ ആദ്യംതന്നെ തയ്യാറായിരുന്നെങ്കില്‍ ഇത് നേരത്തേ കണ്ടെത്താനായേനെ.
എല്ലാ ആഴ്ചയിലും 800 രൂപവീതം സീനിയർ വിദ്യാർഥികള്‍ക്ക് നല്‍കണമെന്നായിരുന്നു ഭീഷണി. എന്നാല്‍ സാമ്ബത്തികശേഷി കുറഞ്ഞ ചുറ്റുപാടുകളില്‍നിന്നെത്തിയിരുന്ന ഒന്നാംവർഷ വിദ്യാർഥികള്‍ക്ക് ഇത് താങ്ങാവുന്നതിനപ്പുറമായിരുന്നു. പീഡനം സഹിക്കുന്നതിന് പുറമേ പണം നഷ്ടപ്പെടുന്ന അവസ്ഥ വിദ്യാർഥികളെ കൂടുതല്‍ സമ്മർദത്തിലാക്കി. തിങ്കളാഴ്ച രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാഞ്ഞതിനെ തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. പണപ്പിരിവിന്റെ പേരില്‍ തുടങ്ങിയ അന്വേഷണമാണ് മാസങ്ങളായി നടന്നുവന്ന ക്രൂരമായ റാഗിങ് പുറത്തെത്തിച്ചതും അഞ്ച് പ്രതികളുടെ അറസ്റ്റിലെത്തിയതും.







