പെൻഷൻ കിട്ടുന്നില്ല; ജീവിക്കാൻ ഒരു മാർഗവുമില്ല; കേസും കൂട്ടവും ഒഴിയുന്നതുമില്ല; ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവിതം അവസാനിപ്പിച്ച റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ അനുഭവിച്ചത് ദുരിതം
തേർഡ് ഐ ബ്യൂറോ
കോട്ടയം: പെൻഷൻ കിട്ടുന്നില്ല.. സർവീസ് കാലത്തിനു ശേഷം പിരിയുമ്പോൾ കിട്ടേണ്ട ആനൂകൂല്യങ്ങളൊന്നും കയ്യിൽക്കിട്ടിയില്ല.. ജീവിതം വഴി മുട്ടി നിന്ന നിരാശ വേളയിൽ ലായി എന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ജീവനൊടുക്കുക മാത്രമായിരുന്നു മാർഗം.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലാട് നെടുമ്പുറത്തു ശശികുമാറാ (പന്തൽ ശശി- ലായി- 58)ണു തിരുനക്കര മൈതാനത്തു വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റു ഗുരുതര നിലയിലായ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര മൈതാനത്തിന്റെ സ്റ്റേജിൽ വച്ച് അദ്ദേഹം സ്വന്തം ശരീരത്തിലേയ്ക്കു പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ എത്തി തീ കെടുത്തിയ ശേഷം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തിരുനക്കര മൈതാനിയിൽ കാർ പാർക്കിങിന്റെ ചുമതലയുള്ള നഗരസഭാ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്. ഇദ്ദേഹവും സഹായിയും ചേർന്ന് സ്റ്റേജിനു സമീപത്തുള്ള വാട്ടർടാങ്കിൽ നിന്ന് വെള്ളമെടുത്ത് ദേഹത്ത ആളിപ്പടർന്ന തീ കെടുത്താൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചു. ഫയർ ഫോഴ്‌സെത്തിയാണ് ശശികുമാറിനെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചത്.
2016 -ലാണ് ശശികുമാർ സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. ഇടയ്ക്ക സർവീസ് ബ്രേക്ക് വന്നതിനെത്തുടർന്ന് പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. മന്ത്രിമാരുടെ അദാലത്തിലടക്കം അപേക്ഷ നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. സാമ്പത്തികമായും പ്രയാസങ്ങളുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് വെസ്റ്റ പൊലീസ് പറഞ്ഞു.