കോട്ടയം നഗരസഭയിലെ മൂന്നുകോടിയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ്: നഗരസഭയിലെ മുന്‍ ക്ലര്‍ക്കായിരുന്ന അഖില്‍ സി വര്‍ഗീസിനെ പിടികൂടാനാകാതെ ഇരുട്ടിൽതപ്പി അന്വേഷണസംഘം; കേസ് വിജിലന്‍സിനു കൈമാറണമെന്ന് ജില്ലാ പോലീസ്; സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിയായ കേസുകളുടെ അന്വേഷണ ചുമതല വിജിലന്‍സിനെന്ന് വാദം; കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് എത്തുമോ എന്നതിൽ അന്തിമ തീരുമാനം ഡിജിപിയുടേത്
കോട്ടയം: നഗരസഭാ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പു കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് എത്തുമോ എന്നതിൽ അന്തിമ തീരുമാനം ഡിജിപിയുടേത്. കേസിലെ പ്രധാന പ്രതിയായ നഗരസഭയിലെ മുന്‍ ക്ലര്‍ക്കായിരുന്ന അഖില്‍ സി വര്‍ഗീസിനെ ഇതുവരെ പിടികൂടാന്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് കേസ് വിജിലന്‍സിനു കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ഡിജിപിക്കു കത്തു നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിയായ കേസുകളുടെ അന്വേഷണ ചുമതല വിജിലന്‍സിനാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്.
എന്നാല്‍, വിജിലന്‍സിനു കേസ് കൈമാറി ഇതുവരെ ഡിജിപി ഉത്തരവിറക്കിയിട്ടില്ല. തട്ടിപ്പു പുറത്തായതിനെ തുടര്‍ന്നു നാടുവിട്ട അഖില്‍ സി വര്‍ഗീസിനെ പിടികൂടാത്തത് അന്വേഷണ സംഘത്തിനു വലിയ നാണക്കോടായിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിനു പിന്നാലെ അന്വേഷണ സംഘം അഖില്‍ സി വര്‍ഗസിനെ തപ്പി തമിഴ്‌നാട്ടിലെ പഴനി വരെ എത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ, പ്രതി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതിയെക്കുറിച്ചു യാതൊരു വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. പ്രതി മൊബൈല്‍ ഫോണോ എടിഎം കാര്‍ഡുകളോ ഉപയോഗിക്കാത്തതില്‍ സൂചനകളൊന്നും ലഭിക്കുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
നേരത്തേ തമിഴ്‌നാട്ടില്‍ ഇയാള്‍ എത്തിയതായി സൂചന ലഭിച്ചതിനെതുടര്‍ന്ന് അന്വേഷണസംഘം മൂന്നുദിവസം അവിടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിദേശത്തുള്ള ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാനുള്ള സാധ്യതകള്‍ കണക്കിലെടുത്തു നിരീക്ഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ശാസ്ത്രീയ നിരീക്ഷണം തുടരുകയാണെന്നും വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
ഇതിനിടെയാണു കേസ് വിജിലന്‍സിനു കൈമാറാനുള്ള നടപടി. കേസില്‍ പ്രതിയെ പിടികൂടാത്തതിനെതിരെ നഗരസഭാ ഭരണ സമിതിയും യുഡിഎഫും സര്‍ക്കാരിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. പ്രതിയ്ക്കു രക്ഷപ്പെടാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുന്നുവെന്നാണു യുഡിഎഫ് ആരോപിക്കുന്നത്.