തിരുവാഭരണ ഘോഷയാത്ര: രാജ പ്രതിനിധി എന്‍. ശങ്കര്‍ വര്‍മ്മയ്ക്ക് തിരുനക്കരയില്‍ സ്വീകരണം
സ്വന്തം ലേഖകന്‍
കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കാന്‍ പന്തളം വലിയ തമ്പുരാന്‍ രേവതി നാള്‍ പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലംനാള്‍ ശ്രീ. എന്‍. ശങ്കര്‍ വര്‍മ്മയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭരണ സമിതിയാണ് പേര് ശുപാര്‍ശ ചെയ്തത്.
ക്ഷത്രിയ ക്ഷേമസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മധ്യമേഖല സെക്രട്ടറിയുമാണ് ശങ്കര്‍. സഭയുടെ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ 2021 ജനുവരി 3നു ഞായറാഴ്ച 2.30നു തിരുനക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ എന്‍. ശങ്കറിന് സ്വീകരണം നല്‍കും. പത്മശ്രീ കെ.ജി. ജയന്‍ (ജയവിജയ) സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.കെ. രഘുവര്‍മ്മ, നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ. ബി. ഗോപകുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പസ്വാമിക്ക് മകര സംക്രമ ദിനത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. ജനുവരി 14 നാണ് മകരവിളക്ക്. സമ്മേളനത്തോടനുബന്ധിച്ച് സഭ അംഗം ആതിര വര്‍മയുടെ ( മറിയപ്പള്ളി കൊട്ടാരം ) നൃത്തം ഉണ്ടായിരിക്കും.
ശ്രീ. എന്‍.ശങ്കര്‍ വ്യക്തി ചിത്രം-
പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണം നാള്‍ അംബ തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ഇളയപുത്രനാണ്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നു സീനിയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ചു. തൃശൂര്‍ അഞ്ചേരി ശ്യാമള വിലാസം വീട്ടിലാണ് താമസം. ഭാര്യ: കൊച്ചി ഇളങ്കുന്നപ്പുഴ നടയ്ക്കല്‍ കോവിലകം കുടുംബാംഗം ഡോ. ബിന്ദു വര്‍മ ( ദന്തല്‍ സര്‍ജന്‍, ഗവ. ജനറല്‍ ആശുപത്രി, ഇരിഞ്ഞാലക്കുട ). മക്കള്‍: ആര്യ അരവിന്ദ്, അജയ് എസ്. വര്‍മ. മരുമകന്‍ : അരവിന്ദ്. (ഐടി പ്രഫഷനല്‍)
സഹോദരങ്ങള്‍: പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ, പരേതനായ ആര്‍. കേരള വര്‍മ (മുന്‍ രാജ പ്രതിനിധി ), വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി.
പത്മശ്രീ കെ.ജി. ജയന്‍ (ജയവിജയ) വ്യക്തി ചിത്രം-
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമാണ്. ഭക്തിഗാനങ്ങളിലൂടെയും പ്രത്യേകിച്ച് അയ്യപ്പഗാനങ്ങളിലൂടെയും മലയാള സംഗീതലോകത്ത് ഏറെ പ്രശസ്തി. ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാ ഗാരംഗത്തും ഒട്ടേറെ മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധര്‍മശാസ്താ, നിറകുടം, സ്‌നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട് ജയവിജയ. ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും സംഗീതത്തെ ഉപാസിച്ചു വരുന്നു.
കലാരത്‌നം, അയ്യപ്പഗാനജ്യോതി, നാദകലാനിധി, ഭക്തിസംഗീത സാമ്രാട്ട് ,സംഗീത നാടക അക്കാദമി അവാര്‍ഡ്,കലാദര്‍പ്പണ അവാര്‍ഡ് ,തത്വമസി,ഹരിവരാസനം അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടി. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.