കോട്ടയത്ത് സോഷ്യൽ മീഡിയ വഴി കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചു: ഓപ്പറേഷൻ പി – ഹണ്ടിൽ ജില്ലയിൽ നാലു പേർ കൂടി അറസ്റ്റിൽ; രജിസ്റ്റർ ചെയ്തത് 20 കേസുകൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ നാലു പേർ അരസ്റ്റിൽ. ഇന്നലെ ജില്ലാ പൊലീസിന്റെ സൈബർ സെല്ലും, സൈബർ പൊലീസ് സ്റ്റേഷനും ചേർന്ന് നടത്തിയ പരിശോധനയിൽ 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൈബർലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ഓപ്പറേഷൻ പി – ഹണ്ടിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സ്ഥലങ്ങളിൽ ഇന്റർനെറ്റിൽ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം അശ്ലീല വീഡിയോകൾ ഡൗൺ ലോഡ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഓപ്പറേഷൻ പി – ഹണ്ടിന്റെ പേരിൽ പരിശോധന നടത്തിയത്.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, അഡീഷണൽ എസ്.പി എ.നസിം, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അനീഷ് വി കോര, സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിർമ്മൽ ബോസ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.