
കോട്ടയം നഗരസഭയിൽ കെട്ടിടനികുതിയുടെ പേരിൽ തീവെട്ടി കൊള്ള; മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി ആറ് വർഷത്തെ നികുതി കുടിശിക പിരിച്ച് നഗരസഭ; കൊള്ളപ്പിരിവിൽ പ്രതിഷേധിച്ച് കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിൽ നികുതിയുടെ പേരിൽ തീവെട്ടികൊള്ള. 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കി തുടങ്ങി.
10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ ഒരു ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കേണ്ട ഗതികേടിലാണ്.
മുൻസിപ്പൽ ആക്ട് പ്രകാരം മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ തുക പിരിച്ചെടുക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ആറ് വർഷത്തെ അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ മറ്റു നഗരസഭകളിലെല്ലാം 2016 ലെ നികുതി വർധനവ് 2019 ൽ തന്നെ നടപ്പിലാക്കിയിരുന്നു. അതിനാൽ തന്നെ അതാത് മുൻസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളിലെയും കെട്ടിട ഉടമകൾക്ക് ഭാരിച്ച ബാധ്യത ഉണ്ടായിരുന്നില്ല. എന്നാൽ കോട്ടയം നഗരസഭയിൽ 2016 മുതലുള്ള അരിയർ തുക ഈ വർഷം ഒന്നിച്ചു പിരിച്ചെടുക്കുകയാണ്. ഇത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടി നിരവധി കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്ന നഗരസഭയുടെ പ്രധാന വരുമാനമാർഗമാണ് കെട്ടിട നികുതി. എന്നാൽ നികുതിയുടെ പേരിൽ കെട്ടിട ഉടമകളെ കൊള്ളയടിക്കുകയാണ് നഗരസഭ. നികുതി അടച്ച് രസീതുമായി വന്നാൽ മാത്രമെ ലൈസൻസ് പുതുക്കി കിട്ടുകയുള്ളു എന്നതിനാൽ തന്നെ പലരും ഈ കൊള്ള നികുതി അടയ്ക്കാൻ നിർബന്ധിതരാവുകയാണ്. ഇതോടെ യാണ് കെട്ടിട ഉടമകൾ സംഘടിച്ച് ഹൈക്കോടതിയെ സമീപിച്ചത്