
മുക്കൂട്ടുതറ: ദിവസങ്ങളായി വെള്ളത്തിനടിയിലായ പാലത്തിലൂടെ നാട്ടുകാർ രോഗികളെ തോളിൽ എടുത്തു നടന്നു മറുകര താണ്ടി ആശുപത്രിയിൽ എത്തിച്ചു. ഇടകടത്തി – അറയാഞ്ഞിലി മണ്ണ് കോസ്വേ പാലത്തിലാണ് ഇന്നലെ നാട്ടുകാർ സാഹസിക രക്ഷായാത്ര നടത്തിയത്.
അറയാഞ്ഞിലിമണ്ണ് കുഴികണ്ടത്തിൽ കുഞ്ഞി (70)നെയും ഭാര്യയെയുമാണ് ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ഏറെ പാടുപെട്ടത്. ഇരുവരെയും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസതടസ രോഗമുള്ള കുഞ്ഞ് ദിവസങ്ങളായി അവശനിലയിലായിരുന്നു. പ്രായാധിക്യവും രോഗവും മൂലം ബുദ്ധിമുട്ടിലായ കുഞ്ഞിനൊപ്പം ഭാര്യയ്ക്കും ഇന്നലെ അസുഖം കലശലായി.പാലത്തിൽനിന്നു വെള്ളം ഇറങ്ങുന്പോൾ വാഹനത്തിൽ അക്കരെ എത്തിച്ച് ആശുപത്രിയിലാക്കാൻ കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇന്നലെ മഴ ശമിച്ചിട്ടും പന്പയാറിലെ ജലനിരപ്പ് താഴാത്തതിനാൽ പന്പാ നദിയുടെ കുറുകെയുള്ള കോസ്വേ പാലത്തിൽനിന്നു വെള്ളം ഇറങ്ങിയിരുന്നില്ല.വെള്ളത്തിൻറെ ഒഴുക്കിനു ശക്തി കുറഞ്ഞതോടെ ഇരുവരെയും തോളിൽ ചുമന്നു പാലം കുറുകെ കടന്ന് അക്കരെ ഇടകടത്തി റോഡിൽ എത്തിച്ചു ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ഇന്നു ജനകീയ യോഗം ചേർന്നു പുതിയ പാലം നിർമാണം സംബന്ധിച്ചു ചർച്ച നടത്തി അധികൃതരെ അറിയിക്കാൻ ഒരുങ്ങിയിരിക്കുകയാണു നാട്ടുകാർ.