
എ കെ ശ്രീകുമാർ
കോട്ടയം :കൈയ്യും കാലും ഒടിഞ്ഞവരേയും പരിക്കേറ്റ് കിടക്കുന്നവരേയും തപ്പി നടക്കുന്ന അഭിഭാഷക മാഫിയാ സംഘം കോട്ടയം മെഡിക്കൽ കോളേജിൽ കറങ്ങുന്നു.
അതിരാവിലെ ആശുപത്രിയിലെത്തുന്ന വക്കീലന്മാരും അവരുടെ ഏജന്റുമാരും
കേസും ചിലവും നടത്താമെന്ന് വാഗ്ദാനം ചെയ്യുകയാണ്. അഭിഭാഷക ജോലിയുടെ അന്തസ് കളയുന്ന കോട്ടയത്തെ ഇരുപതോളം വരുന്ന വക്കീലന്മാരാണ് ഈ നാണം കെട്ട പണി ചെയ്യുന്നത്. അന്തസായി അഭിഭാഷക ജോലി ചെയ്യുന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് ഇവർ ഉണ്ടാക്കുന്നത്. ഇതു മൂലം വക്കീലന്മാർക്ക് മറ്റ് ആവശ്യങ്ങൾക്ക് പോലും മെഡിക്കൽ കോളേജിൽ കയറാൻ മേലാത്ത അവസ്ഥയാണ്. മാഫിയ സംഘത്തിൽ കോട്ടയത്തെ നിരവധി പോലീസുകാരും ഉണ്ട്.
കൈയ്യും കാലും ഒടിയുന്ന കേസുകൾക്ക് 10000/- ചെറിയ പരിക്കിന് 5000/- മരണം സംഭവിക്കുന്ന കേസുകൾക്ക് 25000/- എന്നിങ്ങനെയാണ് പോലീസുകാർക്ക് പടി കിട്ടുന്നത്. വക്കാലത്ത് ഒപ്പിട്ടാൽ പോലീസുകാരുടെ കമ്മീഷൻ കൈയ്യോടെ കിട്ടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാഫിയ സംഘത്തിലെ വക്കിലന്മാർക്ക് ഒത്താശയുമായി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാരുമുണ്ട്. കൈയ്യും കാലും ഒടിഞ്ഞ് വരുന്നവരുടെ കൃത്യമായ വിവരങ്ങളും, അപകട സ്ഥലവുമെല്ലാം ഉടനടി വക്കീലന്മാരെ അറിയിക്കുന്നത് ഈ ജീവനക്കാരാണ്. വക്കീലന്മാർ ഉടൻ തന്നെ തങ്ങളുടെ നെറ്റ്‌വർക്കിൽ ഉൾപ്പെട്ട പോലീസുകാർ മുഖേന സ്റ്റേഷനിൽ ബന്ധപ്പെടും. തുടർന്ന് പോലീസുകാർ കേസിന്റെ നടപടിക്രമങ്ങൾ രോഗിയെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കുകയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനായ വക്കീൽ ഉണ്ടെന്നും അവർക്ക് കേസ് കൊടുത്താൽ നിങ്ങൾ ഉദ്ദേശിക്കുന്നതിൽ കൂടുതൽ പണം ഇൻഷൂറൻസ് കമ്പനിയിൽ നിന്നും വാങ്ങിച്ചു തരുമെന്നും പറയും.
എന്നാൽ തങ്ങളുടെ കുടുംബത്തിൽ വക്കീൽ ഉണ്ടെന്നോ, അല്ലെങ്കിൽ സുഹൃത്ത് വക്കീൽ ആണെന്നോ പറഞ്ഞു പോയാൽ അപകടത്തിന്റെ രീതി മാറുകയും വാദി പ്രതിയാകുകയും ചെയ്യുന്ന തരത്തിലാകും പിന്നീടുള്ള കേസിന്റെ പോക്ക്. ഇതോടെ പോലീസുകാരൻ പറഞ്ഞ വക്കീലിന് തന്നെ കേസ് കൊടുക്കാൻ രോഗിയോ ബന്ധുക്കളോ തയ്യാറാകും.
ഏതാനും മാസങ്ങൾക്ക് മുൻപ് കോടിമതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാളുടെ അടുത്ത ബന്ധു കോട്ടയത്തെ പ്രമുഖനായ വക്കീലായിരുന്നു. രോഗിയും ബന്ധുക്കളും തങ്ങളുടെ കുടുംബത്തിലെ വക്കീലാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞെതോടെ കേസിന്റെ ഗതി തന്നെ മാറി. അപകടം മണത്ത കുടുംബ വക്കീൽ തന്നെ ഇടപെട്ട് പോലീസുകാരൻ പറഞ്ഞ വക്കീലിന് കേസ് കൊടുത്താൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.
ശസ്ത്രക്രീയാ ഉപകരണങ്ങൾ ആവശ്യത്തിലധികം രോഗിയുടെ ബന്ധുക്കളേ കൊണ്ട് വാങ്ങിപ്പിക്കുകയും, കൂടുതൽ വാങ്ങിയ ഉപകരണങ്ങൾ മറിച്ച് വിറ്റ് വൻ ലാഭം കൊയ്യുന്ന ജീവനക്കാരും കോട്ടയം മെഡിക്കൽ കോളേജിലുണ്ട്. സന്ധ്യ കഴിഞ്ഞാൽ സർജിക്കൽ വിതരണ കടകളിലെ വാഹനം ഓപ്പറേഷൻ തീയറ്റർ ഭാഗത്ത് ഉണ്ടാകും. ഈ വാഹനത്തിലാണ് കൂടുതലായി കൊണ്ടുവന്ന വസ്തുക്കൾ തിരികെ പുറത്തേക്ക് കടത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ അഭിഭാഷക, പോലീസ് സംഘത്തിന്റെയും കാഷ്വാലിറ്റി,സർജിക്കൽ യൂണിറ്റ് വിഭാഗത്തിലെ ജീവനക്കാരുടെയും അഴിഞ്ഞാട്ടമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്.