
ഫണ്ടില്ല…..! കോട്ടയം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയില്‍; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നല്‍കാനുള്ളത് കോടികൾ; ദുരതത്തിലായി രോഗികളും
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലാക്കി സാമ്പത്തിക പ്രതിസന്ധി.
കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കാനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ശസ്ത്രക്രിയ ഉപകരണ സ്ഥാപനത്തിന് മാത്രം 10 കോടിയാണ് നല്‍കാനുള്ളത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്.
മൂന്നുമാസം കൂടുമ്പോള്‍ നല്‍കിയിരുന്ന ഫണ്ട് ഒന്നരവര്‍ഷം പിന്നിട്ടിട്ടും ലഭിക്കാത്തതിനാല്‍ വട്ടം തിരിയുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. നേരത്തേ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങിയ ഇനത്തിലുള്ള കടബാധ്യത പരിഹരിക്കാന്‍ 200 കോടി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, തുടര്‍നടപടിയൊന്നുമുണ്ടായില്ല. സാധാരണ കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അനുവദിക്കുന്ന തുകയാണ് കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍, ഇപ്പോള്‍ ഈ തുക വകമാറ്റി എച്ച്.ഡി.എസ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് ഉപയോഗിക്കുന്നത്. ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ ഡിസംബര്‍ മാസത്തിലെ ശമ്പളം കൊടുക്കാനും കഴിഞ്ഞിട്ടില്ല.
ആശുപത്രി അധികൃതര്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ കനിഞ്ഞിട്ടില്ല. പണം നല്‍കാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങള്‍ നല്‍കുന്നുമില്ല. ഹൃദയ ശസ്ത്രക്രിയകള്‍ അടക്കം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.