
നൂറുകണക്കിന് ജനങ്ങൾ വന്നുപോകുന്ന കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ച കംഫർട്ട് സ്റ്റേഷൻ; സ്റ്റാൻഡിലൂടെ നടന്ന് പോയാൽ പകർച്ച വ്യാധിയുമായി വീട്ടിൽ പോകാം; കണ്ടില്ലെന്ന് നടിച്ച് ആർപ്പുക്കര പഞ്ചായത്ത് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജിന് സമീപമുള്ള ടാക്സി സ്റ്റാൻഡിനുള്ളിൽ രോഗവ്യാപനത്തിന് കാരണമായ രീതിയിൽ ഫ്ലക്സ് ബോർഡുകൾക്കൊണ്ട് മറച്ച കംഫർട്ട് സ്റ്റേഷൻ സമീപപ്രദേശത്തെ വൃത്തിഹീനമാക്കുന്നതായി പരാതി.
നാലു വശവും ഫ്ലക്സ് ബോർഡുകൾ കൊണ്ട് മറച്ച് അകത്ത് പേരിന് മാത്രം, ഒരു ക്ലോസറ്റ് സ്ഥാപിച്ചിരിക്കുന്നു. അതിൽ നിന്നും ഒരു പൈപ്പു മണ്ണിലേക്ക് സ്ഥാപിച്ചിരിക്കുന്നു. എന്നാൽ ക്ലോസറ്റിൽ നിന്നും പുറത്തേക്കുവരുന്ന മാലിന്യം പുറത്ത് സ്റ്റാൻഡിനുള്ളിൽ കെട്ടിക്കിടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനം പ്രതി നൂറുകണക്കിനാളുകൾ വന്നുപോകുന്ന സ്ഥലവും, നിരവധി ലാബുകളും മെഡിക്കൽ ഷോപ്പുകളും, ഹോട്ടലുകളും ഉൾപ്പെടെ തിരക്കേറെയുള്ള പ്രദേശമാണിവിടം.
സൗകര്യം ലവലേശം ഇല്ലാത്ത ഇത്തരത്തിലൊരു കംഫർട്ട് സ്റ്റേഷനിൽ പ്രാഥമിക കർമ്മങ്ങൾ ചെയ്യുന്നവരും നിരവധി. ഇവിടെ നിന്നും മലമൂത്രവിസർജ്ജനം പുറത്തേക്ക് ഒഴുകുകയും, സമീപത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതുമൂലം സമീപത്തുള്ള കിണറുകളിൽ ജലം മലിനമാകുന്നു.
നിരവധി തവണ പരാതപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാതെ ആർപ്പുക്കര പഞ്ചായത്ത് അധികൃതർ മൗനം തുടരുകയാണ്.
മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നൂറു കണക്കിനാളുകൾ ദിനംപ്രതി വന്നുപോകുന്ന ഇവിടെ അടിസ്ഥാന സൗകര്യമുള്ള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിരെ ജനരോഷം ഉയരുകയാണ്