എങ്ങും ഉജ്വല സ്വീകരണം….! എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി;  സ്വീകരണത്തിന് കൊഴുപ്പേകി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും

എങ്ങും ഉജ്വല സ്വീകരണം….! എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി; സ്വീകരണത്തിന് കൊഴുപ്പേകി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആയിരക്കണക്കിനാളുകള്‍ അണിചേര്‍ന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.

ജാഥയുടെ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലായിരുന്നു ആദ്യ സ്വീകരണം. കെകെ റോഡിലെ ചന്തക്കവലയ്ക്ക് സമീപം മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തില്‍ സംഘാടക സമിതിയംഗങ്ങള്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് വോളണ്ടിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചശേഷം തുറന്ന വാഹനത്തില്‍ ജാഥാ ക്യാപ്റ്റനെ പാമ്പാടി ബസ്‌സ്റ്റാന്‍ഡ് മൈതാനത്തേക്ക് ആനയിച്ചു. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും സ്വീകരണത്തിനു കൊഴുപ്പേകി.

ഉച്ചവെയില്‍ കത്തിനിന്ന സമയത്താണ് പാലായില്‍ ജാഥയെത്തിയത്. കിഴതടിയൂര്‍ പോസ്‌റ്റ് ഓഫീസ് ജംഗ്ഷനു സമീപമെത്തിയപ്പോള്‍ വാദ്യമേളങ്ങളുടെയും ചുവപ്പുസേനാംഗങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ജാഥാ ക്യാപ്റ്റനെ കൊട്ടാരമറ്റം ബസ്‌സ്റ്റാന്‍ഡിലെ സ്വീകരണ പന്തലിലേക്ക് ആനയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട്ടായിരുന്നു സ്വീകരണം. മുട്ടുങ്കല്‍ ജംഗ്ഷനില്‍ നിന്നും ജാഥയെ സ്വീകരിച്ച്‌ പഞ്ചായത്ത് ബസ്‌സ്റ്റാന്‍ഡിലെ സ്വീകരണ കേന്ദ്രത്തിലെത്തി.

വൈകുന്നേരം നാലിന് ഏറ്റുമാനൂരിലായിരുന്നു നാലാമത്തെ സ്വീകരണം. പട്ടിത്താനം വഴിയെത്തിയ ജാഥയെ എംസി റോഡില്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നിന്നും സ്വീകരിച്ച്‌ ഏഴരപ്പൊന്നാനയുടെ നാട്ടിലെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചു. വൈകുന്നേരം ആറിന് വൈക്കം നിയോജക മണ്ഡലത്തിലെ തലയോലപ്പറമ്പിലായിരുന്നു ജില്ലയിലെ സ്വീകരണങ്ങളുടെ സമാപനം.
ആശുപത്രിക്കവലയില്‍ നിന്നും വാദ്യമേളങ്ങളുടെയും വോളണ്ടിയര്‍മാരുടെയും അകമ്പടിയോടെ പള്ളിക്കവലയിലെ സ്വീകരണവേദിയിലെത്തി. വന്‍ ജനാവലിയാണ് സമാപന സമ്മേളനത്തിനായി ഇവിടെയെത്തിയത്.

സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദനു പുറമേ ജാഥാ മാനേജര്‍ പി.കെ. ബിജു, ജാഥാംഗങ്ങളായ സി.എസ്. സുജാത, എം.സ്വരാജ്, ഡോ. കെ.ടി. ജലീല്‍, ജയ്ക് സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ സെക്രട്ടറി എ.വി.റസല്‍, വൈക്കം വിശ്വന്‍, കെ.ജെ. തോമസ്, കെ.അനില്‍കുമാര്‍, കെ.എം.രാധാകൃഷ്ണന്‍, റെജി സഖറിയ, ലാലിച്ചന്‍ ജോര്‍ജ്, പി.എം. സുനില്‍, പി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു.

ഇടതു മുന്നണിയുടെ ജനപ്രതിനിധികളും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ കോട്ടയത്ത് ജാഥാ ക്യാപ്റ്റനും അംഗങ്ങളും പൗരപ്രമുഖരുമായി വികസന കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പത്രസമ്മേളനത്തിനു ശേഷമാണ് ജാഥ പര്യടനം ആരംഭിച്ചത്.

ഇന്നലത്തെ സ്വീകരണത്തോടെ ജില്ലയിലെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കി ജാഥ ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.