കോട്ടയം: കുടയംപടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം.
അയ്മനം ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. കോട്ടയത്തുനിന്നും വീട്ടിലേക്ക് പോകുന്നവഴി കുടയംപടിയിൽവെച്ച് മറ്റൊരു വാഹനം കുറുകെ വന്നതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ സമീപത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിജിത് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് കൺട്രോൾ റൂംവാഹനത്തിലെ എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയാണ് വിജിത്തിനെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കുടയംപടി ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മതിലിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ മറ്റൊരു വാഹനം കുറുകെ വന്നതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വാഹനം ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കോട്ടയം വെസ്റ്റ് പൊലീസ് പരിശോധിക്കും. വിജിത്തിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 9ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ. മാതാവ്: കുഞ്ഞുമോൾ വിജയൻ, ഭാര്യ: ചിഞ്ചു (കടുവാക്കുളം), സഹോദരി: വിജി വിജീഷ്.