കോട്ടയത്തേയ്ക്കു കൊണ്ടു വരികയായിരുന്ന 26 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി; കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് 12 പാക്കറ്റുകളിലായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തിനു പുറത്തു നിന്നും ജില്ലയിലേയ്ക്കു കടത്തിക്കൊണ്ടു വരികയായിരുന്ന 26 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ തൃശൂരിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മിഷണറുടെ സ്പെഷ്യൽ സ്‌ക്വാഡ് സിഐ ആർ.രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തി കഞ്ചാവു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആതൂർ സ്വദേശികളായ റിൻസൺ (തത്ത മണി), ദിലീപ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി സംഘം എത്തിയിരുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖലാ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി കോട്ടയത്തും തൃശൂരിലും അടക്കം നിരീക്ഷണം നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പ്രതികൾ സ്‌കൂട്ടറിൽ 12 പാക്കറ്റുകളിലായി കഞ്ചാവ് കൊണ്ടു വരുന്നത് കണ്ടെത്തിയത്. തുടർന്നു പ്രിവന്റീവ് ഓഫിസർ സി.ദിലീപ്, എക് സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗവും കോട്ടയം എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസ്, സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ സുരേഷ്‌കുമാർ, എം.അസീസ്, വിമൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്. പിടിച്ചെടുത്ത കഞ്ചാവും പ്രതികളെയും കേസിന്റെ തുടർ നടപടികൾക്കായി തൃശൂർ എക്‌സൈസ് സംഘത്തിനു കൈമാറി.