play-sharp-fill
ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്‌സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ

ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്‌സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ

സ്വന്തം ലേഖകൻ
കോട്ടയം: ചിട്ടിതട്ടിപ്പിൽ കുടുങ്ങി ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പിന്റെ നൂറു കോടി രൂപയ്ക്ക് അവകാശികളില്ലെന്ന് സൂചന. ചിട്ടിഫണ്ട് – നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായതായി കാട്ടി ആയിരം പേരാണ് ഇതുവരെ വെസ്റ്റ് പൊലീസിൽ പരാതിയുമായി എത്തിയത്. പക്ഷേ, ഇവരുടെയെല്ലാം പരാതി പരിശോധിച്ചാലും 36 കോടി രൂപയ്ക്കടുത്തു മാത്രമേ തുക വരൂ.  കമ്പനി അധികൃതർ നൽകിയ കണക്ക് പ്രകാരം 136 കോടിയുടെ നിക്ഷേപം കമ്പനിയിലുണ്ട്. അങ്ങിനെയാണെങ്കിൽ ബാക്കിയുള്ള 100 കോടി രൂപയുടെ അവകാശികൾ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഈ നൂറു കോടിയും കൃത്യമായ രേഖകളില്ലാത്ത കള്ളപ്പണമാണെന്ന സൂചനയാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കുന്നത്തുകളത്തിൽ ജ്വല്ലറി ചിട്ടിഫണ്ട്‌സ് തെക്കുംഗോപുരം കുന്നത്തുകളത്തിൽ ജിനോഭവൻ കെ.വി വിശ്വനാഥൻ(68), ഭാര്യ രമണി (66) എന്നിവർ കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. തേർഡ് ഐ ന്യൂസ് ലൈവ് ഇത് സംബന്ധിച്ചു വാർത്ത പുറത്തു വിട്ടതോടെയാണ് പരാതിക്കാർ രംഗത്ത് എത്തിയത്. തുടർന്നു ഇവർ വെസ്റ്റ് സി.ഐയ്ക്കും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു ആദ്യ ദിവസം തന്നെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 125 പേർ പരാതിയുമായി എത്തി. വെള്ളിയാഴ്ച എണ്ണൂറിലധികം ആളുകൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ഇതോടെ പരാതിക്കാരുടെ എണ്ണം 920 കഴിഞ്ഞു. ഇവർക്കെല്ലാം ചേർന്ന് 36 കോടിയ്ക്കടുത്ത് നൽകാനുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, കുന്നത്ത്കളത്തിൽ മാനേജ്‌മെന്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് 136 കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്കു 66 കോടിയുടെ അസ്ഥിയുണ്ടെന്നും പറയുന്നു. കോടതിയുടെ മധ്യസ്ഥതയിൽ ഈ തുക കൊടുത്തു തീർക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, ഇവർ അവകാശപ്പെട്ട ബാധ്യതയുള്ളവരിൽ 36 കോടിയുടെ അവകാശികൾ മാത്രമാണ് എത്തിയത്. ബാക്കിയുള്ള നൂറു കോടിയും കള്ളപ്പണ നിക്ഷേപമാണെന്നാണ് സൂചന. നഗരത്തിലെ വൻകിട രാഷട്രീയ നേതാക്കളിൽ പലരും ഇവിടെ പണം നിക്ഷേപിച്ചിട്ടുണ്ടെന്നു ജീവനക്കാർ തന്നെ സമ്മതിക്കുന്നു. പല രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങൾക്കും വിശ്വനാഥൻ പ്രിയപ്പെട്ടവനാണ്. ജില്ലയിലെ മിക്ക രാഷ്ട്രീയ പാർട്ടികളും സംഭാവനയ്ക്കായി ആദ്യം ഓടിയെത്തിയിരുന്നത് വിശ്വനാഥന്റെ സ്ഥാപനത്തിലായിരുന്നു. അതുകൊണ്ടു തന്നെ വാരിക്കോരി വിശ്വനാഥൻ പണവും നൽകിയിരുന്നു. ഈ ബന്ധത്തെ തുടർന്നു നഗരത്തിലെ രണ്ടു രാഷ്ട്രീയ പാർട്ടികളുടെയും ഉയർന്ന നേതാക്കളിൽ പലരും, നഗരസഭ അധ്യക്ഷൻമാരും ഇവിടെ പണം നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.
പാപ്പർ ഹർജി കോടതിയിൽ സമർപ്പിക്കും മുൻപ് നഗരത്തിലെ ഭരണ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുമായി വിശ്വനാഥൻ ചർച്ച നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശ്വനാഥന്റെ പണ നിക്ഷേപത്തിലെ കള്ളപ്പളത്തിന്റെ ഇടപാടുകൾ കണ്ടെത്താൻ എൻഫോഴ്‌സമെന്റ് അന്വേഷണം തന്നെ വേണ്ടിവരുമെന്നാണ് സൂചന.