
തുണി ഇറക്കുമതി ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം നല്‍കി തട്ടിയെടുത്തത് രണ്ടേകാല്‍ കോടിയോളം രൂപ; സജന പിടിയിലായതോടെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; കോട്ടയം സ്വദേശിയായ യുവതി കുടുങ്ങിയത് ഇങ്ങനെ….!
സ്വന്തം ലേഖിക
കായംകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍.
കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടില്‍ വീട്ടില്‍നിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയില്‍ തൈപ്പറമ്പില്‍ വീട്ടില്‍ അനസിന്റെ ഭാര്യ സജന സലീമാണ് (41) അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീരിക്കാട് സ്വദേശിയുടെ രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് സജന. കേസില്‍ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്.
തുണി ഇറക്കുമതി ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ബല്‍ഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്.
വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നല്‍കി കച്ചവടത്തില്‍ പങ്കാളിയാക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ കൃത്യമായി ലാഭ വിഹിതം നല്‍കി വിശ്വാസം നേടിയ ശേഷം കൂടുതല്‍ തുക വാങ്ങുകയായിരുന്നു. ഇവര്‍ പിടിയിലായതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കായംകുളം, ചങ്ങനാശ്ശേരി കോടതികളില്‍ ചെക്ക് കേസുകളും നിലവിലുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാര്‍, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.