play-sharp-fill
പ്രവർത്തി പരിചയമല്ല: ‘ആനപ്പുറത്തിരുന്ന തഴമ്പുണ്ടോ’ കോട്ടയത്ത് കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാം; നഗരസഭ 28 ആം വാർഡിൽ കോൺഗ്രസ് നേതാവിന്റെ മകനെ കെട്ടിയിറക്കുന്നതായി ആരോപണം

പ്രവർത്തി പരിചയമല്ല: ‘ആനപ്പുറത്തിരുന്ന തഴമ്പുണ്ടോ’ കോട്ടയത്ത് കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാം; നഗരസഭ 28 ആം വാർഡിൽ കോൺഗ്രസ് നേതാവിന്റെ മകനെ കെട്ടിയിറക്കുന്നതായി ആരോപണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രവർത്തിപരിചയമല്ല, അച്ഛൻ ആനപ്പുറത്തിരുന്ന തഴമ്പുണ്ടെങ്കിൽ കോട്ടയം നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാം. നഗരസഭ 28 ആം വാർഡിലാണ് മാസങ്ങൾക്കു മുൻപു മാത്രം വിദേശത്തു നിന്നും എത്തിയ കോൺഗ്രസ് നേതാവിന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്.

28 ആം വാർഡിൽ ഇപ്പോൾ മത്സരിക്കാൻ പേരു നൽകിയിരിക്കുന്ന ഈ യുവാവിന്റെ ഏക യോഗ്യത കോൺഗ്രസ് നേതാവിന്റെ മകനാണ് എന്നതു മാത്രമാണ്. ഉമ്മൻചാണ്ടിയോടും, തിരുവഞ്ചൂർ രാധാകൃഷ്ണനോടും ഏറെ അടുപ്പമുള്ള ഈ നേതാവ് ഇവരെ സ്വാധീനിച്ചാണ് മകനു സീറ്റ് നൽകാൻ തന്ത്രങ്ങൾ ഒരുക്കുന്നത്. വർഷങ്ങളായി വിദേശത്തായിരുന്ന ഈ മകൻ മാസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ കോൺഗ്രസിന്റെ കൊടി ഒരു തവണ പോലും പിടിച്ചിട്ടില്ല. കോൺഗ്രസ് നേതാവിന്റെ മകൻ എന്നതു മാത്രമാണ് ഇദ്ദേഹവും കോൺഗ്രസ് പാർട്ടിയുമായുള്ള ഏക ബന്ധം. ഈ സാഹചര്യത്തിലാണ് പ്രവർത്തകർ ക്ഷുഭിതരായിരിക്കുന്നത്. വർഷങ്ങളായി പാർട്ടിയ്ക്കു വേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞ്, മാനത്തു നിന്നും കെട്ടിയിറക്കിയ നേതാവിന്റെ പുത്രനെ പാർട്ടി സ്ഥാനാർത്ഥിയാക്കുന്നത് കടുത്ത നീതി നിഷേധമാണ് എന്ന വാദമാണ് പ്രവർത്തകർ ഉയർത്തുന്നത്.

ഇത്തരത്തിൽ സാധാരണക്കാരായ പ്രവർത്തകരെ അവഗണിച്ച് സ്വന്തം മകനെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഒരുങ്ങുന്നത്. ഇത് കടുത്ത അനീതിയാണ് ഉയർത്തുന്നതെന്ന വാദമാണ് ഇപ്പോൾ പ്രവർത്തകർ പറയുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയാൽ ഇതിനുള്ള പ്രത്യാഖാതം ബൂത്തിൽ രേഖപ്പെടുത്തുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.