
സ്വന്തം ലേഖകൻ
കോട്ടയം: വൈദ്യുതി ലൈനിലേയ്ക്കു വീണ മരം ജെ.സി.ബിയുടെ കയ്യിൽ കയറി നിന്ന് വെട്ടിമാറ്റി കൗൺസിലറും സുഹൃത്തും. നഗരസഭ 24 ആം വാർഡ് അംഗം അഡ്വ.ടോം കോര അഞ്ചേരിയും സുഹൃത്ത് അനൂപ് അബൂബക്കറും ചേർന്നാണ് വൈദ്യുതി ലൈനിലേയ്ക്കു വീണു കിടന്ന മരം വെട്ടിമാറ്റിയത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് 24 ആം വാർഡിൽ
തിരുവാതുക്കൽ – എരുത്തിക്കൽ ക്ഷേത്രത്തിനു സമീപം റോഡിലേയ്ക്ക് മരം വീണത്. നാട്ടുകാരും കൗൺസിലറും വിവരം അറിയിച്ചത് അനുസരിച്ച് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി മരം വെട്ടിമാറ്റി. എന്നാൽ, വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരം ഇവർ വെട്ടിമാറ്റിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതോടെ പ്രദേശത്ത് ആകെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഇതേ തുടർന്നു ശനിയാഴ്ച രാവിലെ നാട്ടുകാർ നഗരസഭ അംഗം അഡ്വ.ടോം കോര അഞ്ചേരിലിനെ സമീപിക്കുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും മരം വെട്ടുകാരനെ വിളിച്ച് മരം നീക്കം ചെയ്തെങ്കിൽ മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്നു, വെട്ടുകാരനെ കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും മരം വെട്ട് തൊഴിലാളികളെ കണ്ടെത്താൻ സാധിച്ചില്ല.
ഇതേ തുടർന്നാണ് ടോം കോരയും സുഹൃത്ത് അനൂപും ചേർന്നു നഗരസഭയുടെ ജെ.സി.ബി വിളിച്ചു വരുത്തിയ ശേഷം ഈ ജെസിബിയുടെ കയ്യിൽ കയറിയിരുന്ന് മരം വെട്ടിയത്. ഇതോടെയാണ് പ്രദേശത്തെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ സാധിച്ചത്.