നഗരത്തിലെ വമ്പൻമാരുടെ കോട്ടയം ക്ലബിൻ പൊലീസിന്റെ മിന്നൽ പരിശോധന; ഡോക്ടറും അഭിഭാഷകരും കുടുങ്ങി; പിടിച്ചെടുത്തത് ലക്ഷങ്ങൾ; കണക്കെടുപ്പ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൂർത്തിയായില്ല; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ടൈഗർ..!
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ വമ്പൻമാർ മദ്യപിക്കാനും ചീട്ടുകളിക്കാനും ഒത്തുകൂടുന്ന ആഡംബര ക്ലബായ കോട്ടയം ക്ലബിൽ പൊലീസിന്റെ മിന്നൽ പരിശോധന. ടൈഗർ എന്ന വയർലെസ് സന്ദേശപേരിൽ അറിയപ്പെടുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേരിട്ട് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ പ്രമുഖ ക്ലബായ കോട്ടയം ക്ലബിൽ പൊലീസ് ഞായറാഴ്ച വൈകിട്ട് മിന്നൽ പരിശോധന നടത്തിയത്. പന്ത്രണ്ട് പേർ ചേർന്ന് നടത്തിയ ചീട്ടുകളത്തിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ആർപ്പൂക്കര മൂന്നുകണ്ടത്തിൽ ജോസഫ് തോമസ് (55), എസ്.എച്ച് മൗണ്ട് ഹീര ഗ്രീൻ കോട്ടേജിൽ അസീസ് (52), മുട്ടമ്പലം കണ്ണൻചിറ കെ.സി ചാക്കോ (53), കുമരകം സൗത്ത് പന്നിക്കോട്ട് ടി.ജോർജ് (73), മാ്്ങ്ങാനം സന്തോഷ് ഭവനിൽ കുര്യൻ (72), കോട്ടയം ഒളശയിൽ മാത്യു ജോർജ് (56), ദേവലോകം വരാപത്ര ജോസഫ് തമ്പാൻ (62), മുട്ടമ്പലം നെല്ലിമൂട്ടിൽ ലിജി സി.ജോൺ (52), കോട്ടയം പഴയചന്ത പതിനഞ്ചിൽ ചെറിയാൻ പി.മാത്യു (68), കോട്ടയം കാരാപ്പുഴ ഓമച്ചിറ മോഹൻ ജ്യോതി (46), മൂലവട്ടം അമ്പലത്തിങ്കൽ അബു ജെയിംസ് (58), മാങ്ങാനം കറുകയിൽ മനോജ് സ്റ്റീഫൻ (38) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ക്ലബിൽ അനധികൃതമായി ലക്ഷങ്ങളുടെ ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നേരത്തെ നിർദേശം നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന കോട്ടയം ക്ലബ്. എന്നാൽ, ഇന്നലെ വൈകിട്ട് ഒൻപതരയോടെ ആരംഭിച്ച പരിശോധനയിൽ നിന്നും കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സി.ഐ ആയ സാജു വർഗീസിനെ ജില്ലാ പൊലീസ് മേധാവി മാറ്റി നിർത്തുകയായിരുന്നു. പകരം പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. റെയ്ഡ് നടക്കുന്ന ഒരു മണിക്കൂർ സമയത്തേയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരെല്ലാവരും ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും, ഏതു തരം സമ്മർദമുണ്ടായാലും വശംവദരാകരുതെന്നും നിർദേശിക്കുകയും ചെയ്തിരുന്നു. ഈ ഒരു മണിക്കൂർ ജില്ലാ പൊലീസ് മേധാവിയുടെ ഫോണും സ്വിച്ചോഫായിരുന്നു.
ഒൻപത് മണി കഴിഞ്ഞതോടെ പൊലീസ് സംഘം നാലു വശത്തു നിന്നും കോട്ടയം ക്ലബ് വളഞ്ഞു. മിന്നൽ നീക്കത്തിനൊടുവിൽ ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘാംഗങ്ങളായ അജിത്, ഷിബുക്കുട്ടൻ, പ്രദീപ് വർമ്മ ദിലീപ് വർമ്മ,
ബൈജു, മനോജ്, ജീമോൻ എന്നിവരുടെ നേതൃത്വത്തിൽ അതി വേഗം ക്ലബിനുള്ളിലെ ചീട്ടുകളി കളത്തിലേയ്ക്ക് പാഞ്ഞു കയറി. ഡോക്ടർമാരും അഭിഭാഷകരും മദ്യലഹരിയിൽ ഈ സമയം ചീട്ടുകളിക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമൂഹത്തിൽ പ്രമുഖ സ്ഥാനമുള്ള എല്ലാവരെയും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പണം വച്ച് ചീട്ടുകളിക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പ്രതികളിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.