
കോട്ടയം: ചിങ്ങവനത്ത് അശ്രദ്ധമായി വാഹനമോടിച്ച് ഭീതി പരത്തിയ യുവാവും യുവതിയും പൊലീസിനെ വട്ടംചുറ്റിച്ചത് ഏറെ നേരം.
ഇരുവരും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുക്കുന്നതിടെ അക്രമാസക്തരായ ഇരുവരും നാട്ടുകാർക്കും പൊലീസിനുമെതിരെ വാക്കുതർക്കമുണ്ടായി. യുവാവിനെ ഏറെ നേരത്തെ മല്‍പിടുത്തത്തിനൊടുവിലാണ് കാറില്‍ നിന്നിറക്കി കസ്റ്റഡിയിലെടുത്തത്.
ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ച് ഏറെ നേരം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഇവർ അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ദമ്പതികള്‍ യാത്ര ചെയ്ത കാർ സഞ്ചരിച്ചത്. ഇതിനിടെ കാർ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു.
ഒടുവില്‍, പൊലീസ് എത്തി ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് കാർ തടഞ്ഞത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പരിശോധനയില്‍ കാറില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്വർണാഭരണങ്ങളും കാറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ അഞ്ച് കിലോമീറ്ററോളം ദൂരം സിനിമാ സ്റ്റൈലില്‍ ദമ്പതികള്‍ അപകടകരമായ രീതിയില്‍ കാറോടിക്കുകയായിരുന്നു. കാർ നിർത്താൻ ആളുകള്‍ അലറി വിളിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.
പൊലീസിനും നാട്ടുകാർക്കും നേരെ ഇവർ ആക്രോശിക്കുകയും കാറില്‍ നിന്ന് പുറത്തിറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തു. ബലംപ്രയോഗിച്ചാണ് പൊലീസ് ഇരുവരെയും വാഹനത്തില്‍നിന്ന് ഇറക്കിയത്.
വാഹനത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കു തർക്കമുണ്ടായെന്നും ഇതേ തുടർന്നാണ് അരുണ്‍ അലക്ഷ്യമായി വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. എം.സി റോഡില്‍ ഒരു മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.